റബര്‍ പ്രതിസന്ധി - സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും: മന്ത്രി വി എസ് സുനില്‍ കുമാര്‍കോട്ടയം: കേരളത്തിലെ റബര്‍ കൃഷി മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമെന്ന് മന്ത്രി  വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടി കൊടുത്തിരുന്ന  റബര്‍ കൃഷി ഇന്ന് നേരിടുന്ന പ്രതിസന്ധി പ്രധാനമന്ത്രിയെ ധരിപ്പിക്കും. വിലത്തകര്‍ച്ചയെത്തുടര്‍ന്ന് കര്‍ഷകര്‍ ഈ മേഖലയില്‍ തുടരാനാകാത്ത അവസ്ഥയിലാണ്. റബര്‍ ഉല്‍പാദനവും വരുമാനവും ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഈ മേഖലയുടെ സുസ്ഥിര പരിരക്ഷയ്ക്കുള്ള നടപടികള്‍ പ്രധാനമന്ത്രിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തും. റബര്‍ മേഖലയുടെ സംരക്ഷണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി കിഫ്ബിയുടെ സഹായത്തോടെ  കോട്ടയത്ത് ഒരു റബര്‍ അധിഷ്ഠിത അഗ്രോ പാര്‍ക്ക് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള റബര്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.  കാര്‍ഷിക നഷ്ടപരിഹാരം നല്‍കുന്നതിനുള്ള  സ്‌കീമില്‍ വരുത്തിയിട്ടുള്ള  മാറ്റമനുസരിച്ച് കര്‍ഷകര്‍ക്ക് നിലവിലെ നിരക്കിന്റെ 13 ഇരട്ടി വരെ നഷ്ടപരിഹാരം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.ഹരിത കേരളം പച്ചക്കറി വികസന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും 2016-17 ല്‍ പച്ചക്കറി കൃഷി ചെയ്ത മികച്ച സ്‌കൂളുകള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുളള അവാര്‍ഡ് ദാനവും അദ്ദേഹം നിര്‍വഹിച്ചു.സി കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആത്മപദ്ധതികളുടെ ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എസ് ജയലളിത പദ്ധതി വിശദീകരിച്ചു. കാര്‍ഷിക കേരളം ഭാവിയും വെല്ലുവിളിയും എന്ന വിഷയത്തിലുള്ള  സെമിനാറില്‍ കുട്ടനാട് കായല്‍ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടര്‍  പ്രൊഫ. ഡോ.കെ ജി പത്മകുമാര്‍ വിഷയാവതരണം നടത്തി. കലക്ടര്‍ സി എ ലത, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ്് ജോസഫ് പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വികസന ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു.

RELATED STORIES

Share it
Top