റബര്‍ പാര്‍ക്കിന് തടസ്സം കസ്തൂരി രംഗന്‍ റിപോര്‍ട്ട്

കൊല്ലം: പത്തനാപുരത്ത് റബര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം 2013 ല്‍ റബര്‍ ബോര്‍ഡിന് അനുമതി നല്‍കിയതായി  കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു കൊടിക്കുന്നില്‍ സുരേഷ് എംപി നല്‍കിയ കത്തിനുള്ള മറുപടിയില്‍ അറിയിച്ചു. പത്തനാപുരം താലൂക്കില്‍പ്പെട്ട പിറവന്തൂര്‍ പഞ്ചായത്തിലെ മുക്കടവില്‍ കിന്‍ഫ്ര പാര്‍ക്കിലാണ് നിര്‍ദ്ദിഷ്ട കേരളത്തിലെ രണ്ടാമത്തെ റബര്‍ പാര്‍ക്ക് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് മന്ത്രിയുടെ കത്തില്‍ ചൂണ്ടിക്കാട്ടി.
പത്തനാപുരത്ത് 2013 ല്‍ ശിലാസ്ഥാപനം നടത്തിയ റബര്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കാലതാമസം നേരിടുന്നതിലുള്ള ആശങ്ക അറിയിച്ചു കൊണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭുവിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് മന്ത്രി റബര്‍ പാര്‍ക്കിനെ  കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ സൈഡ് സ്‌കിം പ്രകാരമാണ് പത്തനാപുരം റബര്‍ പാര്‍ക്കിന് അനുമതി നല്‍കിയത്. ഇതിന്റെ പ്രെമോട്ടര്‍ റബര്‍ പാര്‍ക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്.
റബ്ബര്‍പാര്‍ക്കിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി 5.5 കോടി രൂപ ഇതിനകം നല്‍കി കഴിഞ്ഞു. റബര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച മൊത്തം തുകയായ 16.7 കോടി രൂപയില്‍ നിന്നാണ് 5.5 കോടി രൂപ കൈമാറിയത്.  എന്നാല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശമായി പിറവന്തൂര്‍ പഞ്ചായത്തിനെ കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന വകുപ്പ് ഉള്‍പ്പെടുത്തിയത് കൊണ്ട് റബര്‍ പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടിരിക്കുകയാണ്.
എന്നാല്‍ റബ്ബര്‍ പാര്‍ക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ,് സംസ്ഥാന  സര്‍ക്കാരിന്റ പരിസ്ഥിതി അനുമതിക്കായി അപേക്ഷ നല്‍കിയെങ്കിലും  സംസ്ഥാന തല പരിസ്ഥിതി ആഘാത പരിശോധനാ അതോറിറ്റി മുന്നു തവണ അപേക്ഷ തള്ളികളയുകയാണ് ചെയ്തത്. പത്തനാപുരം റബ്ബര്‍ പാര്‍ക്കിന് കിന്‍ഫ്രയില്‍ നിന്നും ലഭിച്ച 70 ഏക്കര്‍ സ്ഥലത്ത് 150000 ചതുരശ്ര അടിയില്‍ നിര്‍ദ്ദിഷ്ട റബര്‍ പാര്‍ക്ക് സ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ ഈ നിലപാട് മൂലം 150000 ചതുരശ്ര അടിയിലുള്ള റബ്ബര്‍ പാര്‍ക്കിനെ 20000 ചതുരശ്ര അടിയില്‍ പരിമിതപ്പെടുത്തി പുതിയ പ്രോപ്പോസല്‍ റബര്‍ പാര്‍ക്ക് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്  വീണ്ടും സംസ്ഥാന പരിസ്ഥിതി വകുപ്പിനും മലിനീകരണ ബോര്‍ഡിനും നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ റബര്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് എംപി അറിയിച്ചു.

RELATED STORIES

Share it
Top