റബര്‍ : കര്‍ഷകര്‍ക്ക് ആനുകൂല്യം പരിഗണിക്കും- കേന്ദ്രമന്ത്രി.ന്യൂഡല്‍ഹി: റബര്‍ കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഉല്‍പാദനത്തിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യം നല്‍കുന്ന കാര്യം പരിഗണിക്കാമെന്നു കേന്ദ്ര വാണിജ്യ  വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍. റബര്‍ കയറ്റുമതി വര്‍ധിപ്പിക്കുന്ന കാര്യം ചര്‍ച്ചചെയ്യുമെന്നും കേന്ദ്രമന്ത്രി  ഉറപ്പു നല്‍കി. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കുമായുള്ള കൂടിക്കാഴ്ചയിലാണ് നിര്‍മല സീതാരാമന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യത്തില്‍ ദക്ഷിണപൂര്‍വ രാജ്യങ്ങള്‍  പിന്തുടരുന്ന രീതി മാതൃകയാക്കണമെന്നു കൂടിക്കാഴ്ചയില്‍ ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു. റീപ്ലാന്റിങ് അടക്കമുള്ളവയ്ക്കു നല്‍കുന്ന സബ്‌സിഡി അവിടെ കൂടുതലാണ്. ഉല്‍പാദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രാജ്യങ്ങള്‍ സബ്‌സിഡി തീരുമാനിക്കുന്നതെന്നും  മന്ത്രി ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ ആദ്യം ആലപ്പുഴയില്‍ നടക്കുന്ന കയര്‍ ഫെസ്റ്റിവലിനു ക്ഷണിക്കുന്നതിനായാണ് ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രിയെ കണ്ടത്. ഫെസ്റ്റിവലിന്റെ നടത്തിപ്പിനു കേന്ദ്രസഹായവും സംഘം തേടി. കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കയര്‍ വികസന വകുപ്പ് ഡയറക്ടര്‍ എന്‍. പത്മകുമാര്‍, നാഷനല്‍ കയര്‍ റിസര്‍ച്ച് ആന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട്് ഡയറക്ടര്‍ കെ ആര്‍ അനില്‍, കയര്‍ കോര്‍പറേഷന്‍ കണ്‍സള്‍ട്ടന്റ് ജി എന്‍ നായര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top