റബര്‍ എസ്റ്റേറ്റുകളിലെ നൂറ് വര്‍ഷം പഴക്കമുള്ള തൂക്കുപാലങ്ങള്‍ അപകടാവസ്ഥയില്‍

പുതുക്കാട്: പാലപ്പിള്ളി റബര്‍ എസ്‌റ്റേറ്റുകളിലെ നൂറ് വര്‍ഷത്തോളം പഴക്കമുള്ള തൂക്കുപാലങ്ങള്‍ അപകടാവസ്ഥയിലായി. ഹാരിസണ്‍, ജ്യുങ് ടോളി കമ്പനികളുടെ തോട്ടങ്ങളിലായി ഏഴ് തൂക്കുപാലങ്ങളാണ് ഉള്ളത്. തോട്ടം തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയമായ തൂക്കുപാലങ്ങള്‍ തകര്‍ച്ചയുടെ വക്കിലെത്തിയിട്ട് വര്‍ഷങ്ങളായി.
പാലങ്ങളുടെ തകരാറുകള്‍ പരിഹരിക്കേണ്ട കമ്പനികള്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് പാലങ്ങള്‍ അപകടാവസ്ഥയിലാകാന്‍ കാരണം. പാലങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് മൂന്നു വര്‍ഷത്തിലേറെയായിയെന്ന് തൊഴിലാളികള്‍ പറയുന്നു. കമ്പനികള്‍ തിരിഞ്ഞ് നോക്കാതായതോടെ പാലങ്ങളുടെ മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന പലകകള്‍ ഭൂരിഭാഗവും നാശത്തിന്റെ വക്കിലാണ്. കാലപ്പഴക്കത്താല്‍ തകര്‍ന്നിരിക്കുന്ന ഇത്തരം പലകകളില്‍ ചവിട്ടിയാണ് തൊഴിലാളികള്‍ ജീവന്‍ പണയംവെച്ച് പാലം കടക്കുന്നത്. റബ്ബര്‍തോട്ടങ്ങളിലൂടെ ഒഴുകുന്ന കുറുമാലി പുഴയ്ക്ക് കുറുകെ 1921 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാരാണ് പാലങ്ങള്‍ നിര്‍മ്മിച്ചത്.
അമ്പത് മീറ്ററിലേറെ നീളമുള്ള തൂക്കുപാലങ്ങള്‍ രണ്ടു വശങ്ങളിലേക്കും വലിച്ചുകെട്ടിയ ഇരുമ്പു റോപ്പുകളില്‍ പലകകള്‍ ഘടിപ്പിച്ചാണ് തൂക്കുപാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മു ന്‍കാലങ്ങളില്‍ വര്‍ഷംതോറും കേടുവന്ന പലകകള്‍ മാറ്റി സ്ഥാപിക്കുകയും റോപ്പുകളുടെ തകരാറുകള്‍ പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടുവന്ന മാനേജ്‌മെന്റുകള്‍ ഉറപ്പ് കുറഞ്ഞ റബ്ബര്‍ മരത്തിന്റെ പലകകളാണ് പാലത്തില്‍ സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ വെച്ചിരിക്കുന്ന പലകകള്‍ വെയിലും മഴയുംകൊണ്ട് ദ്രവിച്ച് പോകുകയാണ് പതിവ്. ചില പാലങ്ങളില്‍ പലകയ്ക്ക് പകരം നിലവാരമില്ലാത്ത തകിടുകള്‍ ഘടിപ്പിച്ചതും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്.
തുരുമ്പെടുത്ത് ഉയര്‍ന്നു നില്‍ക്കുന്നതും തകര്‍ന്നു വീഴാറായ തരത്തിലുള്ളതുമാണ് പാലങ്ങളുടെ അവസ്ഥ. ഇരുവശങ്ങളിലും മണ്ണില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു റോപ്പുകളും തുരുമ്പെടുത്ത നിലയിലാണ്. പാലം കടക്കുന്നവര്‍ ഈ റോപ്പുകളില്‍ പിടിച്ചാണ് അക്കരെയെത്തുക. മേഖലയിലെ ഏഴ് പാലങ്ങളിലൂടെ നൂറ് കണക്കിന് ആളുകളാണ് ദിനംപ്രതി പാലം കടക്കുന്നത്. കാരികുളം, എലിക്കോട്, എച്ചിപ്പാറ, കുണ്ടായി, വലിയകുളം എന്നിവിടങ്ങളിലാണ് തൂക്കുപാലങ്ങളുള്ളത്. ഇതില്‍ ജനവാസമേഖലയിലെ പാലങ്ങളെ ആശ്രയിക്കുന്നതും നിരവധിപേരാണ്.
തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികളിലുള്ളവര്‍ ഈ പാലത്തിലൂടെയാണ് മറുകര താണ്ടുന്നത്. വിദ്യാര്‍ഥികളും തൊഴിലാളികളും കിലോമീറ്ററുകള്‍ ചുറ്റിവളയുന്നതിന് പകരം തൂക്കുപാലങ്ങളെ ആശ്രയിക്കുകയാണ്. നിരവധിപേര്‍ ഒന്നിച്ചു നടന്നുപോയിരുന്ന പാലങ്ങളിലൂടെ ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഒരേ സമയം കടന്നുപോകുന്നത്. അപകടാവസ്ഥയിലായ പാലത്തിന്റെ കൈവരികളും നടപ്പാതയും പുനര്‍നിര്‍മ്മിച്ച് ഭീതിയകറ്റണമെന്നും ചരിത്ര സ്മാരകങ്ങളായ തൂക്കുപാലങ്ങളെ സംരക്ഷിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top