റഫേല്‍: വിശദാംശങ്ങള്‍ അറിയിക്കണം

കെ എ സലിം

ന്യൂഡല്‍ഹി: റഫേല്‍ കരാറിലേക്കു നയിച്ച സര്‍ക്കാര്‍ നടപടികളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. ഇതുസംബന്ധിച്ച രേഖകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം. ഈ മാസം 29നു മുമ്പ് രേഖകള്‍ സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു.
കരാര്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഹരജി തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. കരാറിലേക്കു നയിച്ച കാര്യങ്ങള്‍ പരിശോധിക്കാമല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിര്‍കക്ഷിയാക്കിയാണ് ഹരജി നല്‍കിയതെങ്കിലും ഇപ്പോള്‍ പ്രധാനമന്ത്രിക്കു നോട്ടീസ് അയക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനെവാല, അഭിഭാഷകരായ വിനീത് ദാണ്ഡെ, എം എല്‍ ശര്‍മ എന്നിവര്‍ നല്‍കിയ മൂന്നു ഹരജികളാണ് റഫേലുമായി ബന്ധപ്പെട്ട് സുപ്രിംകോടതി മുമ്പാകെയുള്ളത്. ഉയര്‍ന്ന വിലയ്ക്കു വിമാനങ്ങള്‍ വാങ്ങിയതുകൊണ്ട് പൊതുഖജനാവിന് വലിയ സാമ്പത്തികബാധ്യത ഉണ്ടായെന്ന് ഹരജിക്കാരനായ എം എല്‍ ശര്‍മ വാദിച്ചു.
എന്നാല്‍, കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, കേസില്‍ പ്രധാനമന്ത്രിക്ക് നോട്ടീസയക്കരുതെന്ന് ആവശ്യപ്പെട്ടു. ഹരജിക്കു പിന്നില്‍ യാതൊരു പൊതുതാല്‍പര്യവുമില്ല. പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള ഹരജിയാണിത്. ഇത്തരം ഹരജികള്‍ കോടതി പ്രോല്‍സാഹിപ്പിക്കരുതെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. റഫേല്‍ വിഷയത്തിലുള്ളത് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള കരാറാണ്. അതില്‍ ഇടപെടരുതെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍, സര്‍ക്കാരിന്റെ ഈ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതിരുന്ന ചീഫ് ജസ്റ്റിസ്, കരാറുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിക്കു പരിശോധിക്കേണ്ടതുണ്ടെന്നും ഫ്രാന്‍സുമായി കരാറില്‍ ഒപ്പിടാന്‍ എങ്ങനെയാണ് തീരുമാനമെടുത്തതെന്ന് അറിയണമെന്നും പറഞ്ഞു. രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിടുന്നതിനോട് സര്‍ക്കാരിന്റെ നിലപാടും അറ്റോര്‍ണി ജനറലിനോട് കോടതി ആരാഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കാത്ത വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കുന്നതിനു തടസ്സമില്ലെന്നും ഇതിന് അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കി. ഇതോടെയാണ് എല്ലാ രേഖകളും 19ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. റഫേലിന്റെ സാങ്കേതികവിദ്യകള്‍ സംബന്ധിച്ചോ വിലയുടെ വിശദാംശങ്ങളോ അറിയേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അതേസമയം, വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിങും സുപ്രിംകോടതിയില്‍ ഹരജി നല്‍കി. റഫേല്‍ ഇടപാട് കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം (എസ്‌ഐടി) അന്വേഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

RELATED STORIES

Share it
Top