റഫേല്‍ വിവാദം: രാഹുലും ഹൊളാന്‍ദും നടത്തിയ ഗൂഢാലോചനയെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: റഫേല്‍ വിവാദം രാഹുല്‍ ഗാന്ധിയും ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജെയ്റ്റ്‌ലി ഈ ആരോപണം ഉന്നയിച്ചത്. രാഹുലിന്റെ ട്വീറ്റിന് പിന്നാലെ ഹൊളാന്‍ദിന്റെ പ്രസ്താവന വന്നത് യാദൃച്ഛികമല്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ആഗസ്ത് 20ന് രാഹുല്‍, റഫേല്‍ ഇടപാടില്‍ ആഗോള അഴിമതി നടന്നിട്ടുണ്ടെന്നും ആഴ്ചകള്‍ക്കകം ഒരു ബോംബ് പൊട്ടുമെന്നും ട്വീറ്റ് ചെയ്യുന്നു. ഒരു മാസത്തിനകം അനില്‍ അംബാനിയുടെ റിലയന്‍സിനെ റഫേലില്‍ പങ്കാളിയായി തിരഞ്ഞെടുത്തത് ഇന്ത്യയുടെ നിര്‍ദേശപ്രകാരമാണെന്ന് ഹൊളാന്‍ദ് പറയുന്നു. ഇതില്‍ ഗൂഢാലോചനയുണ്ട്. എങ്കിലും പിന്നീട് ഹൊളാന്‍ദ് പ്രസ്താവന തിരുത്തിയെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രാഹുലും ഹൊളാന്‍ദും നടത്തിയ പ്രസ്താവനകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാവാം. എന്നാല്‍, ഇക്കാര്യത്തിന് തന്റെ പക്കല്‍ തെളിവൊന്നുമില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. റിലയന്‍സിനെ കരാറിന്റെ ഭാഗമാക്കിയതില്‍ സര്‍ക്കാരിന് യാതൊരു പങ്കാളിത്തവുമില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
ഹൊളാന്‍ദും ദസൗള്‍ട്ടും പരസ്പരവിരുദ്ധമായാണ് പ്രസ്താവന നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ വിരുദ്ധതാല്‍പര്യമുള്ള ഒരാളുടെ സാക്ഷ്യം എങ്ങനെയാണ് കണക്കിലെടുക്കാനാവുക. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കരാര്‍ റദ്ദാക്കില്ല. കരാര്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും സിഎജിക്ക് മുന്നില്‍ സമര്‍പ്പിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
അതേസമയം, വസ്തുതകള്‍ വളച്ചൊടിക്കാന്‍ മിടുക്കനാണ് അരുണ്‍ ജെയ്റ്റ്‌ലിയെന്ന് ആരോപണത്തോട് രാഹുല്‍ഗാന്ധി പ്രതികരിച്ചു. പ്രധാനമന്ത്രിയും ജെയ്റ്റ്‌ലിയും പ്രതിരോധമന്ത്രിയും കള്ളം പറയുകയാണ്. റഫേല്‍ ഇടപാടില്‍ ജെപിസി അന്വേഷണത്തിലൂടെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top