റഫേല്‍: വിമാനഭാഗങ്ങള്‍ നിര്‍മിക്കാന്‍ എച്ച്എഎല്ലിന് കഴിയുമെന്ന് മുന്‍ മേധാവി

ന്യൂഡല്‍ഹി: റഫേല്‍ കരാറിലൂടെ വാങ്ങാനുദ്ദേശിക്കുന്ന വിമാനത്തിന്റെ നിര്‍മാണ പങ്കാളിയാവാന്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎല്‍) സാധിക്കുമെന്നും അവരെ കരാറിന്റെ ഭാഗമാക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും എച്ച്എഎല്‍ മുന്‍ മേധാവി ടി സുവര്‍ണ രാജു. മികച്ച യുദ്ധവിമാനങ്ങളുണ്ടാക്കാന്‍ കമ്പനിക്ക് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഫേല്‍ കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള പങ്കാളിയായി യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന എച്ച്എഎല്ലിനെ ഒഴിവാക്കി റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം ആദ്യമാണ് രാജു വിരമിച്ചത്. എച്ച്എഎല്ലിന് യുദ്ധവിമാനങ്ങളുടെ നിര്‍മാണം അറിയില്ലെന്നതാണ് യുപിഎ കാലത്തെ കരാറില്‍ മാറ്റംവരുത്താന്‍ കാരണമായതെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.
അതേസമയം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെതിരേ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തി. റഫേല്‍ വിമാന ഇടപാടില്‍ നിര്‍മല സീതാരാമന്‍ കള്ളം പറയുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. പ്രതിരോധമന്ത്രിയെ റഫേല്‍ മന്ത്രിയെന്ന് വിളിച്ച രാഹുല്‍ നിര്‍മല രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് രാഹുല്‍ നിര്‍മലയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് റഫേല്‍ വിമാനങ്ങള്‍ സ്വന്തമായി നിര്‍മിക്കാന്‍ കഴിയുമായിരുന്നെന്ന എച്ച്എഎല്‍ മുന്‍ മേധാവി ടി എസ് രാജുവിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ട്വീറ്റ്. റഫേല്‍ മന്ത്രി അഴിമതിയെ പ്രതിരോധിച്ചുകൊണ്ട് കള്ളം പറയുകയാണെന്ന് രാഹുല്‍ പറഞ്ഞു.RELATED STORIES

Share it
Top