റഫേല്‍ യുദ്ധവിമാന ഇടപാട്: കേന്ദ്രസര്‍ക്കാരിനെതിരേ കോണ്‍ഗ്രസ്‌; മോദി പറഞ്ഞത് നുണ

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടില്‍ വിമാനങ്ങളുടെ വില അടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് വിലക്കുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം തെറ്റെന്ന് കോണ്‍ഗ്രസ്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ നുണ പറയുകയാണ്.
2008ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഫ്രാന്‍സുമായി ഒപ്പിട്ട കരാറില്‍ വില പുറത്തുവിടുന്നതു തടയാനുള്ള വ്യവസ്ഥയുണ്ടെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നും അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. 2008ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ഫ്രാന്‍സുമായി പ്രതിരോധ മേഖലയില്‍ ഒപ്പിട്ട കരാറാണ് ബിജെപി സഭയില്‍ ഹാജരാക്കിയത്. അതിനുശേഷം ഉണ്ടാക്കിയ റഫേല്‍ കരാറില്‍ രഹസ്യസ്വഭാവം നിലനിര്‍ത്തണമെന്ന വ്യവസ്ഥയില്ല. നിലവിലുള്ള ഉഭയകക്ഷി പ്രതിരോധ ഇടപാടുകള്‍ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ പുറത്തുവിടില്ലെന്നാണ് 2008ലെ കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ധാരണയിലെത്തിയത്. അന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി ഇന്ത്യ റഫേല്‍ കമ്പനിയെ തിരഞ്ഞെടുത്തിട്ടുപോലും ഇല്ലായിരുന്നു. പാര്‍ലമെന്റില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
റഫേല്‍ ഇടപാട് സംബന്ധിച്ചു വ്യാജ പ്രസ്താവന നടത്തി പ്രതിരോധമന്ത്രിയും മോദിയും പാര്‍ലമെന്റിനെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. വിമാന ഇടപാട് സ്വകാര്യ കമ്പനിക്കു കൈമാറാന്‍ സുരക്ഷാകാര്യ മന്ത്രിതല സമിതിയെ പോലും മറികടന്ന് മോദി സ്വന്തംനിലയില്‍ തീരുമാനമെടുക്കുകയായിരുന്നു. റഫേല്‍ ഉള്‍പ്പെടെ ആറു കമ്പനികളാണ് ഇന്ത്യക്കു യുദ്ധവിമാനങ്ങള്‍ ലഭ്യമാക്കാന്‍ രംഗത്തുണ്ടായിരുന്നത്. 2012ലാണ് പ്രതിരോധ സേനയ്ക്കായി റഫേല്‍ വിമാനം തിരഞ്ഞെടുത്തത്. ഇടപാട് തുക സംബന്ധിച്ച് ഇരുസര്‍ക്കാരുകളും ധാരണയിലെത്തിയെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ യാഥാര്‍ഥ്യമാക്കാനായില്ല.
യുപിഎ സര്‍ക്കാര്‍ ധാരണയിലെത്തിയതിനേക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണ് മോദി ഇടപാട് ഉറപ്പിച്ചത്. 526 കോടിയില്‍ നിന്ന് 1,690 കോടി രൂപയായി ഉയര്‍ന്നു. അതിനാല്‍, ഇടപാട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും കേന്ദ്രം പുറത്തുവിടണം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ, സുഖോയ് യുദ്ധവിമാനങ്ങള്‍ എന്നിവയുടെ വില പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്. റഫേല്‍ ഇടപാടിലെ വില പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ലെന്നു ഫ്രാന്‍സ് അറിയിച്ചിട്ടും മോദി സര്‍ക്കാര്‍ അതിനു തയ്യാറാവാത്തത് ദുരൂഹമാണെന്നും ആന്റണി അഭിപ്രായപ്പെട്ടു.
യുദ്ധവിമാന നിര്‍മാണം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിന്ന് എടുത്തുമാറ്റി നേരത്തേ ഒരു യുദ്ധവിമാനം പോലും നിര്‍മിക്കാത്ത സ്വകാര്യ കമ്പനിക്കു കൈമാറുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. മോദി സ്വന്തം നിലയില്‍ തീരുമാനമെടുത്ത ഇടപാടിന്റെ മറവില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.

RELATED STORIES

Share it
Top