റഫേല്‍ പൊതുതാല്‍പര്യ ഹരജികളില്‍ വാദം നാളെ

ന്യൂഡല്‍ഹി: റഫേല്‍ കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹരജികളില്‍ സുപ്രിംകോടതി നാളെ വാദം കേള്‍ക്കും. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക. മൂന്നു ഹരജികളാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ദാണ്ഡെ സമര്‍പ്പിച്ച ഹരജിയാണ് ഇതില്‍ അവസാനത്തേത്.
ഫ്രാന്‍സുമായുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍, വിമാനത്തിന്റെ വില, യുപിഎയുടെ കാലത്ത് എത്രയായിരുന്നു ഒരു വിമാനത്തിന്റെ വില, റഫേല്‍ നിര്‍മാതാക്കളായ ഡാസോയും റിലയന്‍സും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവ പുറത്തുവിടാന്‍ ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം. റഫേലുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിലുള്ള മൂന്നാമത്തെ ഹരജിയാണിത്. കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം എല്‍ ശര്‍മ നേരത്തേ സുപ്രിംകോടതിയില്‍ ഒരു ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. അതും ഇതിനോടൊപ്പം പരിഗണിക്കും.
കരാര്‍ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാവ് തഹ്‌സീന്‍ എസ് പൂനെവാല സമര്‍പ്പിച്ച ഹരജിയാണ് ആദ്യത്തേത്. റഫേല്‍ കരാര്‍ അഴിമതിയാണെന്നും അത് റദ്ദാക്കണമെന്നുമാണ് ശര്‍മയുടെ ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ 253ാം വകുപ്പ് പ്രകാരം ഇത്തരം കരാറുകള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം വേണ്ടതുണ്ട്. അതു വാങ്ങാതെയുള്ള കരാര്‍ നിയമവിരുദ്ധമാണെന്നും ശര്‍മ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഫ്രാന്‍സുമായി 2016 സപ്തംബറില്‍ ഉണ്ടാക്കിയ കരാറിന് ഡിഫന്‍സ് പ്രൊക്യൂയര്‍മെന്റ് പ്രൊസീജിയര്‍ പ്രകാരമുള്ള മന്ത്രിസഭാ അംഗീകാരമില്ലെന്നാണ് പൂനെവാലയുടെ ഹരജി ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ കരാര്‍ നിയമവിരുദ്ധമാണ്.

RELATED STORIES

Share it
Top