റഫേല്‍: കോണ്‍ഗ്രസ് സിഎജിയെ സമീപിച്ചു

ന്യൂഡല്‍ഹി: റഫേല്‍ ഇടപാട് സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലി (സിഎജി)നെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പുറത്തുവിട്ടതിനു പിന്നാലെയാണ് നടപടി. ഇതു കൂടാതെ കേന്ദ്ര വിജിലന്‍സ് കമ്മീഷനെയും സമീപിക്കുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇടപാട് സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നാണ് സിഎജിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇടപാടിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന വിശദമായ നിവേദനം സിഎജിക്ക് നല്‍കിയതായി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. റിലയന്‍സിനെ സ്വകാര്യ പങ്കാളിയാക്കാന്‍ കരാറില്‍ നിന്ന് എച്ച്എഎല്ലിനെ ഒഴിവാക്കിയത് എങ്ങനെയാണെന്നു തങ്ങള്‍ വിശദീകരിച്ചതായി കോണ്‍ഗ്രസ് വക്താവ് രാജ്ദീപ് സുര്‍ജേവാല പറഞ്ഞു. സിഎജി റിപോര്‍ട്ട് വരുന്നതോടെ ജനങ്ങള്‍ക്കു മുന്നില്‍ എല്ലാ സത്യങ്ങളും വെളിപ്പെടുമെന്നും സുര്‍ജേവാല പറഞ്ഞു. 20 പോയിന്റുള്ള മെമ്മോറാണ്ടവും കരാറിന്റെ നാള്‍വഴികള്‍ ഉള്‍പ്പെടെയുള്ള രേഖകളുമാണ് കോണ്‍ഗ്രസ് നിവേദനത്തിനൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, കോണ്‍ഗ്രസ് തങ്ങളുടെ ഈഗോ കാരണമാണ് കരാറില്‍ സുരക്ഷാ വിഷയങ്ങള്‍ ഉയര്‍ത്തുന്നതെന്നു മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോഴാണ് കരാറില്‍ നിന്ന് എച്ച്എഎല്ലിനെ ഒഴിവാക്കിയത്. നിരവധി കാര്യങ്ങളില്‍ ആന്റണി മറുപടി പറയേണ്ടതുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കഴിഞ്ഞ ദിവസം ആന്റണി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജ്യസുരക്ഷാ കാര്യത്തില്‍ മോദി സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തതായി കുറ്റപ്പെടുത്തിയിരുന്നു.RELATED STORIES

Share it
Top