റഫേല്‍ ഇടപാട് സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചയെന്നു മാക്രോണ്‍

ന്യൂയോര്‍ക്ക്: റഫേല്‍ കരാര്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചയായിരുന്നെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍. റേഫല്‍ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ലെന്നു മാക്രോണ്‍. യുഎന്‍ പൊതുസമ്മേളന വേദിയില്‍ മാധ്യമങ്ങളോടു സംസാരിക്കവേയാണ് റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്ന് മാക്രോണ്‍ ഒഴിഞ്ഞുമാറിയത്.
അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ ഉള്‍പ്പെടുത്തുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാരിനോടോ, വിമാനക്കമ്പനിയായ ഡാസോയോടോ ആവശ്യപ്പെട്ടിരുന്നോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ഇക്കാര്യം നിഷേധിക്കാതെയായിരുന്നു മാക്രോണിന്റെ പ്രതികരണം. താന്‍ അധികാരത്തിലെത്തുന്നതിനു മുമ്പാണ് ഇടപാട് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം കാര്യങ്ങളില്‍ ഫ്രാന്‍സിന് കൃത്യമായ നിയമങ്ങളുണ്ട്. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടു സര്‍ക്കാരുകള്‍ തമ്മിലാണു ചര്‍ച്ചകള്‍ നടന്നത്. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സൈനിക പ്രതിരോധ മേഖലയിലെ ബൃഹത്തായ പദ്ധതികളുടെ ഭാഗമായിരുന്നു കരാര്‍. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മോദി ഏതാനും ദിവസം മുമ്പ് പറഞ്ഞ കാര്യമാണ് ഇവിടെ സൂചിപ്പിക്കാനുള്ളത്- മാക്രോണ്‍ പറഞ്ഞു.
റഫേല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനൊപ്പം കേന്ദ്ര സര്‍ക്കാര്‍ പങ്കാളിയായി നിര്‍ദേശിച്ചത് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെയാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നു മോദി സര്‍ക്കാരിനെതിരേ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ ആക്രമണമാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്.
2015ല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ ഒപ്പിടുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രം മുമ്പ് നിലവില്‍ വന്ന അനില്‍ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കുകയായിരുന്നു എന്നാണ് ആരോപണം. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ പങ്കാളിയാക്കാനാണു നിര്‍ദേശിച്ചിരുന്നത്.RELATED STORIES

Share it
Top