റഫേല്‍ അഴിമതി: മോദി മൗനം തുടരുന്നു- പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: വിദേശരാജ്യങ്ങള്‍പോലും റഫേല്‍ അഴിമതിയെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും മൗനം തുടരുകയാണെന്ന് സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍.
റഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സിപിഐ രാജ്യവ്യാപകമായി നടത്തിയ ദിനാചരണത്തിന്റെ ഭാഗമായി ആര്‍എംഎസിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യരുത് എന്നാണ് ബിജെപി ഉയര്‍ത്തുന്ന ന്യായം. എന്നാല്‍, യുദ്ധോപകരണങ്ങളുടെ ഗുണമേന്മയെക്കുറിച്ചല്ല, ഇടപാടിലെ കള്ളക്കളികളെ കുറിച്ചാണ് ഇവിടെ ചര്‍ച്ചയെന്ന് പന്ന്യന്‍ ചൂണ്ടിക്കാട്ടി.
യുദ്ധവിമാനത്തിന്റെ വിലയിലെ വര്‍ധനയും വിമാനം നിര്‍മിക്കാന്‍ പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി കടലാസില്‍ മാത്രം ഒതുങ്ങുന്ന റിലയന്‍സ് എയ്‌റോനോട്ടിക്‌സിനെ ഏല്‍പിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാമരാജ്യം എന്നു പറഞ്ഞു നടന്ന് സംഘപരിവാരം ജനങ്ങളെ പറ്റിക്കുകയാണ്. പ്രജകളുടെ അഭിപ്രായത്തിനു കൂടി വിലകല്‍പിക്കുന്നതായിരുന്നു രാമന്റെ ഭരണമെന്നാണു പുരാണം പറയുന്നത്. എന്നാല്‍, രാമരാജ്യത്തെ കുറിച്ച് പറയുന്നവര്‍ ജനങ്ങളുടെ താല്‍പര്യവും അഭിപ്രായവും കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. അധികാരത്തിലേറാന്‍ വേണ്ടി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും മോദി നടപ്പാക്കിയില്ല.
കുത്തകമുതലാളിമാര്‍ക്കു വേണ്ടി മാത്രമുള്ള ഭരണമാണു രാജ്യത്ത് നടക്കുന്നത്. ശബരിമലയുടെ പേരു പറഞ്ഞ് കേരളത്തെ കലാപഭൂമിയാക്കാനാണ് ബിജെപിയും കോണ്‍ഗ്രസ്സും ചേര്‍ന്നുള്ള രഹസ്യ മുന്നണി ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റുകള്‍ മതനിഷേധികളും ദൈവനിഷേധികളുമല്ല. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത ആര്‍എസ്എസും ബിജെപിയും കോണ്‍ഗ്രസ്സും ഭക്തരെ മുന്‍നിര്‍ത്തി ഇപ്പോള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയതാല്‍പര്യം വച്ചാണെന്നു പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

RELATED STORIES

Share it
Top