റഫേല്‍ അഴിമതിക്കെതിരേ ജനരോഷമുയരണം

നരേന്ദ്ര മോദി ഭരണത്തിന്‍ കീഴില്‍ ഏറ്റവും കാര്യക്ഷമമായി നടക്കുന്നത് അഴിമതിയാണോ എന്ന ചോദ്യം ഉയര്‍ത്തേണ്ട സന്ദര്‍ഭമായിരിക്കുന്നു. പ്രാദേശികതലംതൊട്ട് രാജ്യഭരണത്തിന്റെ സിരാകേന്ദ്രങ്ങളില്‍ വരെ ചെന്നെത്തുന്ന അവിഹിത കൊള്ളകൊടുക്കലുകളുടെ നാറുന്ന കഥകളാണ് അനുദിനം പുറത്തുവരുന്നത്.
ഏറ്റവുമൊടുവില്‍ ഫ്രഞ്ച് നിര്‍മിത റഫേല്‍ യുദ്ധവിമാന ഇടപാടുകളുമായി ബന്ധപ്പെട്ട് വെളിപ്പെടുന്ന വിവരങ്ങള്‍ പഴയ ബോഫോഴ്‌സ് അഴിമതിക്കേസ് വെറും കുട്ടിക്കളിയാക്കുന്നവിധം ഭീകരമാണ്. റഫേല്‍ ഇടപാടില്‍ മോദിയുടെ ഇഷ്ടക്കാരില്‍പ്പെട്ട അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് ഇന്ത്യാ ഗവണ്‍മെന്റിന്റെ താല്‍പര്യപ്രകാരമാണെന്ന ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദിന്റെ പ്രസ്താവന ഈ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അസ്ഥാനത്തല്ലെന്നു തെളിയിക്കുന്നു. കരാര്‍ ഒപ്പിടുന്ന വേളയില്‍ ഹൊളാന്‍ദ് ആയിരുന്നു ഫ്രഞ്ച് പ്രസിഡന്റ്്. അതിനാല്‍ തന്നെ ആ പ്രസ്താവന എളുപ്പം തള്ളിക്കളയാവുന്ന ഒന്നല്ല. താന്‍ വെളിപ്പെടുത്തിയ വസ്തുതകളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സംഭവത്തോട് അതിരൂക്ഷമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്നു ബോധ്യമായിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൊളാന്‍ദിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നും കരാര്‍ സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് കോടിക്കണക്കിനു രൂപ ഈ കരാറിലൂടെ അനില്‍ അംബാനിക്ക് വെറുതെ നല്‍കിയതായിരിക്കാന്‍ വഴിയില്ല. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റഫേല്‍ യുദ്ധവിമാന കരാറിലൂടെ നടന്നതെന്ന് ആരോപിച്ചുകൊണ്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ബിജെപിയുടെ മുന്‍ സഹയാത്രികരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ നേരത്തേ രംഗത്തുവന്നിരുന്നു. വ്യോമസേന, മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി, പ്രതിരോധമന്ത്രി, വിദേശകാര്യ സെക്രട്ടറി തുടങ്ങി ബന്ധപ്പെട്ട ആരും അറിയാതെ പ്രധാനമന്ത്രിയുടെ മാത്രം അറിവിലും താല്‍പര്യത്തിലുമാണ് പഴയ കരാര്‍ തിരുത്തി പുതിയ കരാര്‍ ഒപ്പിട്ടതെന്ന ആരോപണം രാജ്യസുരക്ഷയെക്കുറിച്ച ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്; രാജ്യസ്‌നേഹം, ദേശരക്ഷ തുടങ്ങിയ വ്യവഹാരങ്ങള്‍ തങ്ങളുടേതു മാത്രമാണെന്ന് അലറിവിളിക്കുന്ന ഒരു കക്ഷിയാണ് ഈ തട്ടിപ്പിനു പിന്നിലെന്നു വരുമ്പോള്‍ വിശേഷിച്ചും.
രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും ഭരണകക്ഷിക്കുമെതിരേ ഇത്രയും ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ ഉയരുന്നത് മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ ആരോപണവിധേയര്‍ സ്വയം സ്ഥാനമൊഴിയുകയോ ജനങ്ങള്‍ അവരെ താഴെയിറക്കുകയോ ചെയ്‌തേനെ. ധാര്‍മികതയുടെ അത്തരം കരുത്തുകള്‍ ക്രമേണയായി നമുക്കു നഷ്ടപ്പെടുന്നുവെന്നതിന്റെ സൂചനയാണോ ഇത്തരം ആരോപണങ്ങളോടുള്ള നിസ്സംഗമായ പ്രതികരണങ്ങള്‍.

RELATED STORIES

Share it
Top