റഫേല്‍:കേന്ദ്രത്തിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌; വീഡിയോ സംഭാഷണം കോണ്‍ഗ്രസ് പുറത്തുവിട്ടു

ന്യൂഡല്‍ഹി: റഫേല്‍ വിമാന ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെതിരേ കൂടുതല്‍ തെളിവുകളുമായി കോണ്‍ഗ്രസ്. മോദിയുടെ ഫ്രഞ്ച് സന്ദര്‍ശനത്തിനു ദിവസങ്ങള്‍ക്കു മുമ്പുള്ള ഡാസോ ഏവിയേഷന്‍ ചെയര്‍മാന്റെ സംഭാഷണങ്ങളുടെ വീഡിയോ ആണ് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
കരാറിന്റെ ഭാഗമായി 108 റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്എഎല്‍) ഇന്ത്യയില്‍ നിന്നുള്ള പങ്കാളിയാക്കുന്നതിന് ധാരണയിലെത്തിയതായി ഡാസോ ഏവിയേഷന്‍ ചെയര്‍മാന്‍ എറിക് ട്രാപ്പിയര്‍ പറയുന്നതാണ് 2016 മാര്‍ച്ച് 26 തിയ്യതിയിലെ വീഡിയോയിലുള്ളത്.
വ്യോമസേനയുടെയും എച്ച്എഎല്ലിന്റെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ട്രാപ്പിയര്‍ ഇക്കാര്യം പറയുന്നത്. ആദ്യഘട്ടത്തില്‍ കരാറിനായി എച്ച്എഎല്ലിനെയാണ് ഫ്രഞ്ച് വിമാനക്കമ്പനിയായ ഡാസോ ഏവിയേഷന്‍ പങ്കാളിയാക്കാന്‍ തീരുമാനിച്ചതെന്നും മോദിയുടെ പാരിസ് സന്ദര്‍ശന സമയത്തെ ഇടപെടലിനെത്തുടര്‍ന്നാണ് എച്ച്എഎല്ലിനു പകരം സ്വകാര്യ സ്ഥാപനമായ റിലയന്‍സ് ഡിഫന്‍സിനെ പരിഗണിച്ചതെന്നുമുള്ള വാദത്തിന് ശക്തി പകരുന്നതാണ് പുതിയ തെളിവ്.
17 ദിവസത്തിനു ശേഷം മോദി റിലയന്‍സിനു കരാര്‍ നല്‍കിയെന്നും വീഡിയോക്കൊപ്പം കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഇക്കാര്യത്തില്‍ രാജ്യത്തോട് കള്ളം പറഞ്ഞ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2016 ഏപ്രില്‍ 10നാണ് റിലയന്‍സിനെ പങ്കാളിയാക്കിക്കൊണ്ടുള്ള കരാറിന്റെ പ്രഖ്യാപനം പുറത്തുവരുന്നത്. പ്രഖ്യാപനത്തിനു രണ്ടു ദിവസം മുമ്പ് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അറിയിച്ചത് കരാറില്‍ എച്ച്എഎല്ലിനെ പരിഗണിക്കുന്നുവെന്നാണ്.

RELATED STORIES

Share it
Top