റഫാല്‍ ഇടപാട്: അവകാശ ലംഘനത്തിന് നോട്ടിസുമായി കോണ്‍ഗ്രസ്സ്


ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടിസുമായി കോണ്‍ഗ്രസ്. സ്പീക്കര്‍ സുമിത്ര മഹാജന് കോണ്‍ഗ്രസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. 2008ല്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ കരാര്‍ അനുസരിച്ച് ഇടപാടിന്റെ വിലവിവരങ്ങള്‍ പുറത്തുവിടരുതെന്ന സര്‍ക്കാര്‍ നിലപാട് അവകാശ ലംഘനമാണെന്നാണ് കോണ്‍ഗ്രസ്സ് വാദം. വില വിവരങ്ങള്‍ പുറത്ത് വിടാത്തത് അഴിമതി മറച്ചു വയ്ക്കാനാണെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി നേരത്തെ ആരോപിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ അവകാശ ലംഘനത്തിനുള്ള നോട്ടിസ്.
കോണ്‍ഗ്രസ്സ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പ മൊയ്‌ലി, കെ വി തോമസ്, ജ്യോതിരാദിത്യ സിന്ധ്യ, രാജീവ് സത്താവ് എന്നിവരാണ് സ്പീക്കര്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹൂല്‍ ഗാന്ധിയാണ് വിഷയം ആദ്യം ഉന്നയിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ഇടപാടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് നിലപാടെടുത്തു. അതേസമയം, നോട്ടിസ് നില നില്‍ക്കുമോ എന്നതില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം.

RELATED STORIES

Share it
Top