റഖൈനില്‍ വംശീയ ആക്രമണങ്ങള്‍ തുടരുന്നു: യുഎന്‍

ന്യൂയോര്‍ക്ക്: മ്യാന്‍മറിലെ റഖൈനില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ വംശീയ ആക്രമണങ്ങള്‍ തുടരുന്നതായി യുഎന്‍ അന്വേഷണസംഘം. റഖൈനില്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും യുഎന്‍ വസ്തുതാന്വേഷണ സമിതി ചെയര്‍മാന്‍ മര്‍സൂകി ദാറുസ്മാന്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ആഗസ്തില്‍ മ്യാന്‍മര്‍ സൈന്യം ക്രൂരമായ വംശഹത്യ നടപ്പാക്കിയ ശേഷം രണ്ടര ലക്ഷത്തിനും നാലു ലക്ഷത്തിനും ഇടയില്‍ റോഹിന്‍ഗ്യര്‍ മാത്രമാണ് മ്യാന്‍മറില്‍ അവശേഷിക്കുന്നത്. ഇവര്‍ക്കെതിരേ കടുത്ത നിയന്ത്രണങ്ങളും അടിച്ചമര്‍ത്തലുകളും തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൈശാചിക ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് വംശഹത്യയാണെന്നും ദാറുസ്മാന്‍ വ്യക്തമാക്കി. മ്യാന്‍മര്‍ സൈനിക മേധാവികള്‍ക്കെതിരേ യുദ്ധക്കുറ്റം, മനുഷ്യരാശിക്കെതിരായ കുറ്റം എന്നിവ ചുമത്തി കുറ്റവിചാരണ ചെയ്യണമെന്നും 440 പേജുള്ള റിപോര്‍ട്ടില്‍ അന്വേഷണസംഘം ആവശ്യപ്പെട്ടു.
റഖൈനില്‍ നടന്ന സൈനിക അതിക്രമങ്ങള്‍ മാനവിക ദുരന്തമാണെന്നും ഇത് വരുംതലമുറയെയും ബാധിക്കുമെന്നും ഉത്തരവാദിത്തം മ്യാന്‍മറിനു മേല്‍ ചുമത്തണമെന്നും അദ്ദേഹം രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു. രാഷ്ട്രത്തിന്റെ പരമാധികാരം മനുഷ്യരാശിക്കെതിരായ കുറ്റത്തിനും വംശീയ ഉന്‍മൂലന നടപടികള്‍ക്കുമുള്ള ലൈസന്‍സ് അല്ല. എന്നാല്‍ റിപോര്‍ട്ട് മ്യാന്‍മര്‍ സര്‍ക്കാര്‍ തള്ളി. റിപോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും സര്‍ക്കാര്‍ ആരോപിച്ചു. 15 അംഗ രക്ഷാസമിതിയില്‍ ചൈന, റഷ്യ അടക്കമുള്ള ആറ് രാഷ്ട്രങ്ങള്‍ റിപോര്‍ട്ടിനെ എതിര്‍ത്തു.
മ്യാന്‍മറിനെതിരായ റിപോര്‍ട്ടില്‍ ചൈനയും റഷ്യയും വീറ്റോ അധികാരം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം ആഗസ്തിലാണ് റഖൈനില്‍ സൈന്യവും ബുദ്ധരും റോഹിന്‍ഗ്യര്‍ക്കെതിരേ കൂട്ടക്കൊലപാതകം, ഗ്രാമങ്ങള്‍ തീവച്ചു നശിപ്പിക്കല്‍, കൂട്ടമാനഭംഗം തുടങ്ങിയ വംശീയ ഉന്‍മൂലന ആക്രമണങ്ങള്‍ ആരംഭിച്ചത്്. ഏഴു ലക്ഷത്തോളം റോഹിന്‍ഗ്യര്‍ മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു.

RELATED STORIES

Share it
Top