റക്ബര്‍ഖാന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ; ആന്തരിക രക്തസ്രാവം മരണകാരണം

ജയ്പൂര്‍: ആല്‍വാറില്‍ പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ടം അടിച്ചുകൊന്ന റക്ബര്‍ ഖാന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. ആഴത്തിലുള്ള മുറിവുകളില്‍ നിന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍. റക്ബറിന്റെ കൈയിലെയും കാലുകളിലെയും അസ്ഥികള്‍ പൊട്ടിനുറുങ്ങുകയും ശരീരത്തില്‍ 12 ഇടത്ത് മുറിവേറ്റ പാടുകളുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. മര്‍ദനത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്.
ഡോ. രാജീവ് കുമാര്‍ ഗുപ്ത, ഡോ. അമിത് മിട്ടാല്‍, ഡോ. സഞ്ജയ് ഗുപ്ത എന്നിവരുള്‍പ്പെടുന്ന സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. റിപോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും. സംഭവസ്ഥലത്തു നിന്നു വിവരങ്ങള്‍ ശേഖരിച്ച ഫോറന്‍സിക് വിദഗ്ധരില്‍ നിന്നും പോലിസ് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമികള്‍ വെടിയുതിര്‍ത്ത് ഭീഷണിപ്പെടുത്തിയെന്നും അതിനു ശേഷമായിരുന്നു ക്രൂര മര്‍ദനമെന്നും റക്ബറിനൊപ്പമുണ്ടായിരുന്ന അസ്‌ലം പറഞ്ഞു. മാരകായുധങ്ങളുമായിട്ടായിരുന്നു അക്രമികള്‍ എത്തിയത്. പ്രതികള്‍ ബിജെപി എംഎല്‍എയുടെ ആളുകളാണെന്നു പോലിസിനോട് പറയുന്നത് കേട്ടതായും അസ്‌ലം വെളിപ്പെടുത്തിയിരുന്നു.
അതേസമയം, റക്ബറിനെ ആശുപത്രിയില്‍ എത്തിക്കാതിരുന്നത് വലിയ വീഴ്ചയാണെന്ന് എഎസ്‌ഐ മോഹന്‍ സിങ് കഴിഞ്ഞദിവസം ഏറ്റുപറഞ്ഞിരുന്നു. റക്ബറിനെ ആശുപത്രിയില്‍ എത്തിക്കുന്നത് മൂന്നു മണിക്കൂറോളം വൈകിച്ച പോലിസ് സംഘത്തില്‍ ഇയാളുമുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ സിങിനെ സസ്‌പെന്‍ഡ് ചെയ്യുകയും രണ്ടു പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. രാത്രി ഒരുമണിക്ക് കസ്റ്റഡിയിലെടുത്ത റക്ബറിനെ പോലിസ് നാലു മണിക്കാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ആശുപത്രിയിലെത്തുന്നതിനു മുമ്പു തന്നെ റക്ബര്‍ മരിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്താരോപിച്ച് റക്ബറിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കേസില്‍ മൂന്നുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top