രോഹിത് നയിച്ചു; ചെന്നൈയ്‌ക്കെതിരേ മുംബൈക്ക് തകര്‍പ്പന്‍ ജയം


പൂനെ: ഐപിഎല്ലിലെ ചിരവൈരികളുടെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 169 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 19.4 ഓവറില്‍ രണ്ട് വിക്കറ്റിന് 170 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെയും (56*) തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സൂര്യകുമാര്‍ യാദവിന്റെയും (44) എവിന്‍ ലെവിസിന്റെയും ബാറ്റിങാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. രോഹിത് 33 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും പറത്തി പുറത്താവാതെ നിന്നു.
നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ സുരേഷ് റെയ്‌നയുടെ (75*) ബാറ്റിങാണ് ചെന്നൈ ഇന്നിങ്‌സിന് കരുത്തായത്. 47 പന്തില്‍ നാല് സിക്‌സും ആറ് ഫോറുമാണ് റെയ്‌ന പറത്തിയത്. ഉജ്ജ്വല ഫോം തുടരുന്ന അമ്പാട്ടി റായിഡുവും (45) ചെന്നൈ നിരയില്‍ തിളങ്ങി. മുന്‍ ടീമായിരുന്ന മുംബൈയ്‌ക്കെതിരേ 35 പന്തില്‍ നാല് സിക്‌സറും രണ്ട് ഫോറും റായിഡു അടിച്ചെടുത്തു. എം എസ് ധോണി (21 പന്തില്‍ 26) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മുംബൈയ്ക്ക് വേണ്ടി മിച്ചല്‍ മഗ്ലെങനും ക്രുണാല്‍ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും അക്കൗണ്ടിലാക്കി. ജയത്തോടെ നാല് പോയിന്റുകളുമായി മുംബൈ ആറാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ 10 പോയിന്റുള്ള ചെന്നൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

RELATED STORIES

Share it
Top