രോഗീപരിചരണം: മതസൗഹാര്‍ദ മാതൃകയായി യുവാവ്

മൊകേരി: ജീവിത സായാഹ്നത്തില്‍ രോഗത്താല്‍ ബുദ്ധിമുട്ടുന്ന സഹോദരങ്ങള്‍ക്ക് പരിചരണ സഹായിയാവുന്ന യുവാവ് മാതൃകയാകുന്നു. മൊകേരി മാക്കൂല്‍പീടിക ലക്ഷംവീട് കോളനിയിലെ കുഞ്ഞാമിക്കും സഹോദരന്‍ മമ്മുവിനുമാണ് അയല്‍വാസിയായ സതീശന്‍ സഹായമാവുന്നത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ് കുഞ്ഞാമി. പൈപ്പിലൂടെയാണ് ഭക്ഷണം നല്‍കുന്നത്.
എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇവര്‍. സഹോദരന്‍ മമ്മു കൂടെയുണ്ടെങ്കിലും ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഏതാനും ദിവസം മുമ്പ് മമ്മു ആശുപത്രിയിലായപ്പോഴും കൂടെനിന്ന് പരിചരിച്ചത് സതീശന്‍ തന്നെ. ജോലിക്ക് പോകാതെ ഇരുവര്‍ക്കും സഹായമാവുകയാണ്.
തന്റെ കുട്ടിക്കാലത്ത് ഇവരുടെ വീട്ടില്‍നിന്ന് നിരവധി തവണ താന്‍ ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് സതീശന്‍ പറയുന്നു. ഭര്‍ത്താവ് മരണപ്പെട്ട കുഞ്ഞാമിക്ക് മക്കളില്ല. മാക്കൂല്‍പീടിക മഹല്ല് കമ്മിറ്റിയാണ് ചികില്‍സാ ചെലവുകള്‍ വഹിക്കുന്നത്. ഐആര്‍പിസി കമ്മിറ്റി സഹായ വാഗ്ദാനവുമായി എത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top