രോഗിയെയും കൂട്ടിരിപ്പുകാരനെയും ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ അപകടത്തില്‍പെട്ട് ചികില്‍സ തേടിയ രോഗിയെയും കൂട്ടിരിപ്പ്കാരനെയും ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.  ഇലന്തൂര്‍ മുട്ടുകുടുക്ക സ്വദേശി സി എസ് ജോണ്‍, ജോസ് ചിറക്കടവില്‍ എന്നിവര്‍ക്കാണ് ആശുപത്രി ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റത്. ഈ മാസം ആറിന് രാത്രി ഒമ്പതോടെ, ഇലന്തൂര്‍ ഭഗവതിക്കുന്ന് ദേവീക്ഷേത്രത്തിന് സമീപം വച്ച് ബുള്ളറ്റ് പാടത്തേക്ക് മറിഞ്ഞ് സാരമായി പരിക്കേറ്റാണ് ഇലന്തൂര്‍ ഈസ്റ്റ് സ്വദേശി ചിറക്കടവില്‍ സി എസ് ജോണ്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍ തേടിയത്. അപകടത്തില്‍ പെട്ട് മുക്കില്‍ നിന്നും രക്തം വരികയും മുന്‍ നിരയിലെ രണ്ട് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്ത ജോണിനെ ബന്ധുവായ ജോസാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തി ഏറെ സമയം കഴിഞ്ഞിട്ടും ഡോക്ടര്‍മാര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് പ്രതിഷേധിച്ച തന്നെ ആശുപത്രി ജീവനക്കാരായ ഏതാനും ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി ജോണ്‍ പറഞ്ഞു. അപകടത്തില്‍ പെട്ട് മൂക്കില്‍ നിന്നും രക്തം ഒഴുകിയ നിലയിലായിരുന്ന ജോണിന്റെ മുക്കിന് വീണ്ടും ഇടിക്കുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ഇത് കണ്ട് തടസം പിടിക്കാനെത്തിയ ബന്ധുകൂടിയായ ജോസിനെയും മര്‍ദിച്ചു.  വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പത്തനംതിട്ട പോലിസിനോട് വാക്കാല്‍ പരാതിപ്പെട്ടെങ്കിലും രണ്ട് ജാമ്യക്കാരുമായി  പോലിസ് സ്‌റ്റേഷനിലെത്തി പരാതി എഴുതി നല്‍കാനായിരുന്നു നിര്‍ദേശം. ഇതോടെ ഭയന്നു പോയ ഇരുവരും ചികില്‍സ വേണ്ടെന്ന് വച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നേരിട്ട് പോലിസ് സ്റ്റേഷനില്‍ പോകാന്‍ ഭയമുള്ളതിനാല്‍ ഇവര്‍ ജില്ലാ പോലിസ് മേധാവിയുടെ മെയിലിലേക്ക് പരാതി പോസ്റ്റ് ചെയ്തു. അപകടത്തിലും മര്‍ദ്ദനത്തിലും സാരമായി പരുക്കേറ്റ ഇരുവരും അവശനിലയില്‍ വീടുകളില്‍ കിടപ്പിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരെപ്പറ്റിയും രോഗികളോട് മോശമായി പെരുമാറുന്നതായും ചികില്‍സ നിഷേധിക്കുന്നതായുമുള്ള നിരവധി പരാതികളാണ് ഉള്ളത്. കഴിഞ്ഞ ആഴ്ച്ച രാത്രി ഇവിടെ ചികില്‍സ നിഷേധിച്ചതായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഡിഎംഓ ക്ക് പരാതി നല്‍കിയിരുന്നു.

RELATED STORIES

Share it
Top