രോഗിയുടെ മരണത്തെതുടര്‍ന്ന് നഴ്‌സിന് മര്‍ദനം;പോലിസ് രണ്ടുപേര്‍ക്കെതിരേ കേസെടുത്തു

പാലക്കാട്: ചികില്‍സയിലുള്ള രോഗി മരണപ്പെട്ടതില്‍ പ്രകോപിതരായ ബന്ധുക്കള്‍ നഴ്‌സിനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ 10ന് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റായ തേങ്കുറുശ്ശി സ്വദേശി അനന്തനാണ് (45) ഇന്നലെ പുലര്‍ച്ചെ മരണപ്പെട്ടത്. തലകറക്കവും ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലോടെ രോഗം മൂര്‍ച്ഛതിനെ തുടര്‍ന്ന് രോഗി മരിച്ചു. ചികില്‍സ ശരിയായ രീതിയില്‍ നല്‍കിയില്ലെന്നാരോപിച്ചായിരുന്നു നിഴ്‌സിനെ മര്‍ദിച്ചത്. പരുക്കേറ്റ സ്റ്റാഫ് നഴ്‌സ് ഹബീന ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. നഴ്‌സിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ ആശുപത്രി ജീവനക്കാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ യോഗം നടത്തി. രോഗം കൂടിയതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് ജീവനക്കാരുടെ വാദം. എന്നാല്‍ ശരിയായ രീതിയില്‍ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കളും ആരോപിക്കുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി പരാതിക്കാരിയായ നഴ്‌സിന്റെയും മരിച്ചയാളുടെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ പിന്നീട് പരാതികള്‍ ഇല്ലെന്ന് ബന്ധുകള്‍ രേഖാമൂലം എഴുതി തന്നതായി ജില്ലാ ആശുപത്രി സൂപ്രണ്ട് കെ രമാദേവി പറഞ്ഞു.  പരിക്കേറ്റ നഴ്‌സിന്റെ പരാതി പ്രകാരം രണ്ടുപേര്‍ക്കെതിരേ ടൗണ്‍ സൗത്ത് പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top