രോഗികളെ വലച്ച് ഡോക്ടര്‍മാരുടെ ബന്ദ്; ഒപി വിഭാഗം പ്രവര്‍ത്തിച്ചില്ല

മഞ്ചേരി/നിലമ്പൂര്‍: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലെ വ്യവസ്ഥകളില്‍ പ്രതിഷേധിച്ച് ഐഎംഎ, കെജിഎംഒഎ സംഘടനകള്‍ സംയുക്തമായി നടത്തിയ മെഡിക്കല്‍ ബന്ദില്‍ രോഗികള്‍ വലഞ്ഞു. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലൊന്നും ഒപി വിഭാഗം പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ആശുപത്രികളിലും ഒപി നാമമാത്രമായിരുന്നു. അതേസമയം, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെഡിക്കല്‍ ബന്ദ് രോഗികള്‍ക്കുള്ള സേവനത്തെ സാരമായി ബാധിച്ചില്ല.
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ രാവിലെ ഒരു മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ചു. ഒമ്പതുമുതല്‍ 10 വരെ നീണ്ട ബഹിഷ്‌കരണത്തിനു ശേഷം എല്ലാ വിഭാഗം ഒപിയും സാധാരണ രീകിയില്‍ തന്നെ പ്രവര്‍ത്തിച്ചു. സമരത്തിന്റെ പശ്ചാത്തലത്തില്‍ കാര്യമായ പ്രതസന്ധികളൊന്നും ചികില്‍ രംഗത്തുണ്ടായില്ല. അത്യഹിത വിഭാഗം, വാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള മറ്റു വിഭാഗങ്ങളെല്ലാം പതിവുപോലെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഒരു മണിക്കൂര്‍ നേരത്തെ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണം മൂലം ഒപി പ്രവര്‍ത്തനത്തിന്റെ അവസാന ഘട്ടത്തില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഒപിയിലേക്ക് ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തിച്ചേരുന്ന സമയമാണ് ഡോക്ടര്‍മാരുടെ ബഹിഷ്‌കരണം നടന്നത്. ഇതാണ് തിരക്കിനു കാരണമായത്. അതേസമയം, ഇന്നലെ പൊതുവേ ഒപിയിലെത്തിയ രോഗികളുടെ എണ്ണത്തില്‍ തന്നെ വലിയ കുറവനുഭവപ്പെട്ടതായി ഡോക്ടര്‍മാര്‍ പറയുന്നു. കോളജ് ഒപിയില്‍ എത്തിയ ആരേയും ചികില്‍സ ലഭ്യമാക്കാതെ തിരിച്ചയച്ചിട്ടില്ലെന്ന് ആശുപത്രി സുപ്രണ്ട് ഡോ. നന്ദകുമാര്‍ പറഞ്ഞു.
സമരത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിനു മുന്നില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഇതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികളും രംഗത്തുവന്നു. ആരോഗ്യ രംഗത്തെ അശാസ്ത്രീയ പരിഷ്‌കരണങ്ങള്‍ക്കെതിരേ എന്‍എംസി ബില്ലു കത്തിച്ചായിരുന്നു മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഐഎംഎയുമായി ചേര്‍ന്ന് വിദ്യാര്‍ഥി പ്രസ്ഥാനമായ ഇന്‍ഡിപെന്റന്‍സ് മെഡിക്കോസ് മഞ്ചേരിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ നഗരത്തില്‍ വാമൂടിക്കെട്ടി നഗരത്തില്‍ പ്രകടനവും നടത്തി. ഡോ. ഷിംന അസീസ്, വി ഷഹബാസ്, എം സഫ്‌വാന്‍ നേതൃത്വം നല്‍കി. എന്നാല്‍, സ്വകാര്യ ആശുപത്രികളിലെ ഒപി വിഭാഗം പൂര്‍ണമായും അടഞ്ഞുകിടന്നു. മെഡിക്കല്‍ കോളജില്‍ നിന്നു വ്യത്യസ്ഥമായിരുന്നു ജില്ലാതലം മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥയും. മിക്കയിടങ്ങളിലും നാമമാത്രമായെ ഒപി പ്രവര്‍ത്തിച്ചുള്ളു. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് രോഗികളെ ഒപിയില്‍ ചികില്‍സിക്കാനുണ്ടായിരുന്നത്. നൂറില്‍പരം രോഗികള്‍ ചികില്‍സ ലഭിക്കാതെ തിരിച്ചുപോയ അവസ്ഥയും മലപ്പുറത്തുണ്ടായി.
കെജിഎംഒഎയുടെ നേതൃത്വത്തില്‍ നിലമ്പൂരിലും മെഡിക്കല്‍ ബന്ദ് നടത്തി. ഇത് സംബന്ധിച്ച് കെജിഎംഒഎയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രി പരിസരത്ത് നടത്തിയ യോഗം ആശുപത്രി സൂപ്രണ്ട് ഡോ. സി ഹമീദ് ഉദ്ഘാടനം ചെയ്തു. ഡോ. കെ കെ പ്രവീണ, ഡോ. ജലാലുദ്ദീന്‍, ഡോ. പ്രമോദ്, ഡോ. മനോജ്, ആര്‍എംഒ നീതു കെ നാരായണന്‍, ഡോ. റഫീഖ് സംസാരിച്ചു. ഒരുമണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ചാണ് സമരം നടത്തിയത്.

RELATED STORIES

Share it
Top