രോഗികളെ ദുരിതത്തിലാക്കി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം

മഞ്ചേരി: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ഒപി സമയം വര്‍ധിപ്പിച്ചതിനെതിരെ കെജിഎംഒഎ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം നാമമാത്രമാക്കി. സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്‍പെടെയുള്ള ആശുപത്രികളില്‍ ഒപിയില്‍ നിന്നും വിട്ടു നിന്നതോടെ നിരവധി രോഗികള്‍ ചികില്‍സ കിട്ടാതെ വലഞ്ഞു.
അതേ സമയം മഞ്ചേരി മെഡിക്കല്‍ കോളജിനെ സമരം തളര്‍ത്തിയില്ല. സമരത്തിന്റെ ആദ്യ ദിവസം മെഡിക്കല്‍ കോളജ് ഒപിയായതിനാല്‍ ചികില്‍സ തേടിയെത്തിയവര്‍ക്ക് മടങ്ങേണ്ടിവന്നില്ല. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍വരെയുള്ള സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ താല്‍കാലികാടിസ്ഥാനത്തില്‍ നിയോഗിച്ച ഡോക്ടര്‍മാര്‍ മാത്രമാണ് സേവനത്തിനുണ്ടായിരുന്നത്. അത്യാഹിത വിഭാഗത്തില്‍ മാത്രമായിരുന്നു സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ സേവനം. സമാന്തര സംവിധാനമൊരുക്കി സമരത്തെ നേരിടാനുള്ള സര്‍ക്കാര്‍ നിര്‍ദേശവും ജില്ലയില്‍ വേണ്ടവിധം പ്രാവര്‍ത്തികമായില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളേയും സമരം ബാധിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ജനറല്‍ ആശുപത്രി ഡോക്ടര്‍മാരും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും സംയുക്തമായാണ് ആഴ്ചയില്‍ ആറു ദിവസം ഒപി നടത്തുന്നത്.
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നില്ലിന്നിരിക്കെ, ജനറല്‍ ആശുപത്രി ഒപിയില്‍ ദിവസവും മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനാണ് അധികൃതരുടെ നീക്കം. ഹൗസ് സര്‍ജന്‍സി ആരംഭിച്ച പശ്ചാത്തലത്തില്‍ 83 ഡോക്ടര്‍മാരുടെ സേവനവും മെഡിക്കല്‍ കോളജില്‍ ഉപയോഗപ്പെടുത്താനാവുമെന്നാണ് ആശുപത്രി അധികൃതരുടെ കണക്കുകൂട്ടല്‍. ഇതിന്റെ പ്രാവര്‍ത്തികത ഇന്നു മാത്രമെ വ്യക്തമാവൂ.
അതേസമയം ഡോക്ടര്‍മാര്‍ ആരംഭിച്ച സമരത്തെ കര്‍ശന നടപടിയുമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. ജോലിക്ക് ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്പളം നല്‍കില്ലെന്നും സമരം ചെയ്യുന്ന ദിവസം അനുവാദമില്ലാത്ത അവധിയായി കണക്കാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരം ചെയ്യുന്ന പ്രൊബേഷനിലുളളവര്‍ക്ക് നോട്ടീസ് നല്‍കി സേവനം അവസാനിപ്പക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
സമരം ചെയ്താല്‍ ഡോക്ടര്‍മാരുടെ ശമ്പള വര്‍ധന, സ്ഥാനക്കയറ്റം, സ്ഥലം മാറ്റം എന്നിവയെയും ബാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഒപി സമയം കൂട്ടിയതിലും മതിയായ ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധിച്ചാണ് കെജിഎംഒഎ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാരുടെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top