രോഗികളെ തടഞ്ഞുവയ്ക്കുന്നത് നിയമവിരുദ്ധം: കോടതി

മുംബൈ: ആശുപത്രിയില്‍ ചികില്‍സിച്ചതിന് പണം നല്‍കിയില്ലെങ്കില്‍ രോഗികളെ തടഞ്ഞുവയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി. സമൂഹത്തിലെ എല്ലാ അംഗങ്ങളും ഇക്കാര്യം അറിഞ്ഞിരിക്കണമെന്നും ജസ്റ്റിസുമാരായ എസ് സി ധര്‍മാധികാരി, ഭാരതി ഭന്‍ഗ്രെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
രോഗികളുടെ നിയമാവകാശവും നിയമം ലംഘിക്കുന്ന ആശുപത്രികള്‍ക്ക് ലഭിക്കാവുന്ന ശിക്ഷാനടപടികളും ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
ചികില്‍സയ്ക്ക് പണം നല്‍കിയില്ലെന്ന കാരണത്താല്‍ രോഗിയെ തടഞ്ഞുവയ്ക്കുന്ന ആശുപത്രി വ്യക്തി സ്വാതന്ത്ര്യം ഹനിക്കുകയാണ്. ആശുപത്രികളുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം നടപടികള്‍ എല്ലാവരും അറിയണം-ബെഞ്ച് വ്യക്തമാക്കി.
എന്നാല്‍, ആശുപത്രികള്‍ക്കെതിരേ എന്തെങ്കിലും പ്രത്യേക നിയന്ത്രണ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു. ആശുപത്രിയില്‍ തടഞ്ഞുവയ്ക്കപ്പെടുന്ന രോഗികളെയും കുടുബാംഗങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണം. രോഗികളില്‍ നിന്ന് നിയമപരമായി ചികില്‍സാപണം ഈടാക്കാന്‍ ആശുപത്രികള്‍ക്കാവുമെന്നും കോടതി ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top