രോഗികളെകൊണ്ട് നിറഞ്ഞ് അരീക്കോട് താലൂക്ക് ആശുപത്രി

അരീക്കോട്: മഴക്കെടുതി അവസാനിച്ചതോടെ അരീക്കോട,് കിഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, കിഴിശ്ശേരിയടക്കമുള്ള പരിസര പ്രദേശങ്ങളില്‍ പനി വ്യാപകം. അരീക്കോട്— താലൂക്ക് ആശുപത്രിയില്‍ പ്രതിദിനം ആയിരത്തി ഒരുനൂറിലേറെ രോഗികള്‍ ചികില്‍സ തേടിയെത്തുന്നു. ഡോക്ടര്‍മാരുടെ കുറവ് താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്ന രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.നിലവില്‍ എട്ട് ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും ഇന്നലെ രണ്ടുപേര്‍ മാത്രമാണ് പരിശോധനയ്്ക്കുണ്ടായിരുന്നത്. ആയിരകണക്കിന് രോഗികള്‍ എത്തുന്നതുകൊണ്ട് ഇവര്‍ക്ക് അധിക ഭാരമാവുകയാണ്.പലപ്രദേശങ്ങളിലും ഡെങ്കിപ്പനി,എലിപ്പനിയടക്കം റിപോര്‍ട്ട് ചെയ്യപ്പെടുന്നതുകൊണ്ട് പനി വന്നാല്‍ പലരും സര്‍ക്കാര്‍ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പനി വ്യാപകമായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. മഴക്കെടുതിയുടെ ഭാഗമായി പനി വ്യാപകമായതുകൊണ്ട് അരീക്കോട് താലൂക്ക് ആശുപത്രിയില്‍ മുഴുസമയ കാഷ്വാലിറ്റി തുറന്ന് പ്രവര്‍ത്തിക്കുവാനും 24 മണിക്കൂറും ഡോകടര്‍മാരുടെ സേവനം വേണമെന്നാവശ്യം ഉയര്‍ന്നുതുടങ്ങിയിട്ടും ബന്ധപ്പെട്ടവര്‍ ഗൗരവമായി എടുക്കുന്നില്ലെന്ന് പരാതിയുയര്‍ന്നു. താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചിട്ട് ആറു വര്‍ഷമായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടുവരാത്തത് സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കാനാണെന്ന് ആക്ഷേപമുയരുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്താണ് താലൂക്ക് ആശുപത്രിയുടെ വികസന കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്.നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതിയ ആശുപത്രികെട്ടിട നിര്‍മാണത്തിന് പ്ലാന്‍ വരയ്ക്കാന്‍ മൂന്നംഗ സമിതിയെ നിശ്ചയിച്ചെങ്കിലും പദ്ധതി അട്ടിമറിച്ചതായാണു വിവരം. നിരവധി രോഗികള്‍ ആശ്രയിക്കുന്ന അരീക്കോട് താലൂക്ക് ആശുപത്രിയെ അവഗണിക്കുന്നത് സാധാരണക്കാര്‍ക്കുള്ള ചികില്‍സ നിഷേധിക്കലാണന്ന് ജീവകാരുണ്യ പ്രവര്‍ത്തകര്‍ പറയുന്നു.

RELATED STORIES

Share it
Top