രോഗികളാല്‍ വീര്‍പ്പുമുട്ടി അരീക്കോട് താലൂക്ക് ആശുപത്രി

അരീക്കോട്: മഴ ആരംഭിച്ചതോടെ അരീക്കോട് ഗവ. താലൂക്കാശുപത്രിയില്‍ രോഗികളുടെ തിരക്ക് വര്‍ദ്ധിച്ചു. പനി ബാധിതരാണ് കൂടുതലും. ജില്ലയില്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തതോടെ രോഗികളില്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. നിലവില്‍ ഏഴു ഡോക്ടര്‍മാരാണ് ആശുപത്രിയിലുള്ളത്. പ്രതിദിനം എണ്ണൂറിലേറെ രോഗികള്‍ ഒപിയില്‍ എത്തുന്നുണ്ട്. രോഗികളുടെ തിരക്ക് കാരണം പലരും ഒപി ടിക്കറ്റ് കാണിക്കാതെ മടങ്ങിയിരുന്നു. ഒപി പരിശോധനയ്ക്കിടയില്‍ തന്നെ ഡോക്ടര്‍മാര്‍ വാര്‍ഡില്‍ ഇന്‍പേഷ്യന്റ് പരിശോധനയ്ക്ക് പോവുന്നതുകൊണ്ട് ഒപിയില്‍ രോഗികള്‍ കാത്തിരിപ്പാണ്.
21 പേര്‍ മാത്രമാണ് കഴിഞ്ഞദിവസം അഡ്മിറ്റ് രോഗികളായി ഉണ്ടായിരുന്നത്. പകര്‍ച്ച പനിയും ഡെങ്കിപ്പനിയും വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം പ്രായോജനപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് തയ്യാറാവുന്നില്ല എന്ന ആക്ഷേപമുയരുന്നുണ്ട്. അടിയന്തര ഘട്ടത്തില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. ഉച്ചയാവുന്നതോടെ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല. പലരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരാണ്. ഉച്ചയ്ക്കുശേഷം എമര്‍ജന്‍സി കേസുകള്‍ എത്തിച്ചാല്‍ ഡോകടര്‍മാരില്ലാത്ത അവസ്ഥയാണ്.
ഈവനിങ് കാഷ്യാലിറ്റി നിര്‍ബന്ധമാക്കുമെന്ന ജില്ല മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശം ഇതുവരെ ഇവിടെ നടപ്പായിട്ടില്ല.
സ്ഥല പരിമിതിമൂലം അസൗകര്യങ്ങള്‍ ഏറെയാണു ആശൂപത്രിയില്‍.അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് ഡോക്ടര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
മഞ്ചേരി,കോഴിക്കോട് മെഡിക്കല്‍ കോളജുകളിലേക്കുള്ള റഫറല്‍ ആശുപത്രിയായ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കുന്നില്ല.

RELATED STORIES

Share it
Top