രോഗശമനംഎന്തുകൊണ്ടാണ് വ്യാജ വൈദ്യന്‍മാര്‍ പെരുകുന്നത്? ഒരു കാരണം, അവരുടെ ചികില്‍സ പലരിലും ഫലിക്കുന്നുണ്ട് എന്നതു തന്നെ. ഈയിടെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഒരു സംഘം നടത്തിയ പഠനത്തില്‍ കണ്ടത്, നടുവേദന, ഡിപ്രഷന്‍, അലര്‍ജി, മലബന്ധം തുടങ്ങിയ പല രോഗങ്ങള്‍ക്കും മരുന്ന് എന്ന പേരില്‍ കുറിച്ചുനല്‍കുന്ന പഞ്ചസാര മിഠായികൊണ്ടും പലര്‍ക്കും ഗുണഫലമുണ്ടാവുന്നുണ്ട് എന്നാണ്.  പ്രശസ്തരായ ഭിഷഗ്വരന്‍മാര്‍ തന്നെയാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്. രോഗികള്‍ക്ക് മരുന്നു നല്‍കുമ്പോള്‍, ഇതു മരുന്നല്ലെന്നും എന്നാല്‍ ഇതുകൊണ്ട് ഗുണമുണ്ടായ അനുഭവമുണ്ട് എന്നും വ്യക്തമാക്കിയാണ് അവര്‍ നല്‍കിയത്. ഒട്ടും മരുന്നു സേവിക്കാത്ത കൂട്ടരേക്കാള്‍ 15 ശതമാനം ആശ്വാസം ഇങ്ങനെ വ്യാജമരുന്ന് കഴിച്ചവര്‍ക്കു ലഭിക്കുകയുണ്ടായി എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.എന്താണ് അതിനു കാരണം? ഡോക്ടറുടെ സമാശ്വാസം നല്‍കുന്ന വാക്കുകള്‍ രോഗിക്കു പ്രതീക്ഷ നല്‍കുന്നുണ്ട്. അത് രോഗിയുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന പ്രക്രിയകളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നുണ്ട്. കണ്ടീഷനിങ് എന്ന് അറിയപ്പെടുന്ന ഒരു സവിശേഷ സ്വഭാവരീതിയാണത്. രോഗശമന പ്രതീക്ഷ തന്നെ രോഗിക്ക് ആശ്വാസം നല്‍കുന്നു.അതിനാല്‍, വ്യാജമരുന്ന് കൊടുത്താലും ഇല്ലെങ്കിലും രോഗിക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുന്ന വാക്കുകള്‍ ഡോക്ടര്‍മാര്‍ പറയുന്നത് രോഗശമനത്തിന് സഹായകമാവും എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

RELATED STORIES

Share it
Top