രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്ന് മാത്രമേ നിപാ പകരുകയുള്ളൂവെന്ന് അധികൃതര്‍

കോഴിക്കോട്: രോഗ ലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്ന് മാത്രമെ നിപാ മറ്റുള്ളവരിലേക്കു പകരുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് ഡയരക്ടറും ജില്ലാ കലക്ടറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എങ്കിലും രോഗ ബധയേറ്റവരുമായും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുമായും അടുത്തിടപഴകിയവരുടെ വിശദമായ ലിസ്റ്റ് തയ്യാറാക്കി വരുകയാണ്. ഇവരെ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കും.അവര്‍ക്ക് കൃത്യമായ പരിചരണം നല്‍കും.ഇതിനകം 300 പേരുടെ ലിസ്റ്റ് ആണ് തയ്യാറാക്കിയത്. ഇത് ഇനിയും വിപുലപ്പെടുത്തും.
ഇതിനായി ഇന്ന് പേരാമ്പ്രയില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും ആശാ വര്‍ക്കര്‍മാരുടെയും വിപുലമായ യോഗം വിളിച്ചു ചേര്‍ക്കും. ഇവര്‍ക്ക് പരിശീനലവും നല്‍കുന്നതാണ്. പല ജില്ലകളില്‍നിന്നുള്ളവരാണ് തയ്യാറാക്കിയ ലിസ്റ്റിലുള്ളതെന്ന് ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ. ആര്‍ എല്‍ സരിതയും ജില്ലാ കലക്ടര്‍ യു വി ജോസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിപ രോഗം നിയന്ത്രണവിധേയമായികൊണ്ടിരിക്കയാണ്. എങ്കിലും രോഗ ബാധിതരില്‍ നിന്ന് പകരുമോ എന്ന പേടിയാണ്. ഭീതി കാരണം പലരും ആശുപത്രിയില്‍ വരുന്നുണ്ട്. ഇവരില്‍ രോഗികളുമായി ബന്ധപ്പെട്ടവരുണ്ടെങ്കില്‍ പ്രത്യേക പരിചരണം നല്‍കും. ജില്ലയില്‍ എല്ലാ പൊതുപരീക്ഷകളും പൊതുപരിപാടികളും മാറ്റി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top