രോഗം തളര്‍ത്തിയ ശരീരവുമായി ആദിവാസി സ്ത്രീ ദുരിതത്തില്‍

മേപ്പാടി: മേപ്പാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പെട്ട മണി കുന്ന് മലയിലെ ഗോവിന്ദന്‍ പാറ കോളനിയില്‍ നിന്നുള്ള കാഴ്ച ആരുടെയും കരളലിയിക്കും വൃദ്ധയായ ചെണ്ണയ്ക്ക് വയസ്സ് എത്രയായെന്ന്  അറിയില്ല. എങ്കിലും കണ്ടാല്‍ എണ്‍പതില്‍ കൂടുതല്‍ തോന്നും വാര്‍ധക്യത്തോടൊപ്പം രോഗവും കൂടിയായപ്പോള്‍ ചെണ്ണ തീര്‍ത്തും അവശതയിലായി.  ഒരു മുറിക്കുള്ളില്‍ ചെണ്ണയുടെ കിടപ്പു  ഹൃദയഭേദകമായ കാഴ്ചയാണ്  വെറും തറയില്‍ പഴയ തുണികള്‍ വിരിച്ച്  അതിനടുത്തായി മരകമ്പുകള്‍ കൂട്ടിവെച്ച് കത്തിച്ച് തീചൂടേറ്റ് ഒരേ കിടപ്പ്.
അയല്‍പക്കത്തുള്ളവര്‍ വല്ലതും കൊണ്ട് കൊടുത്താല്‍ കഷ്ടപെട്ട് അത് കഴിക്കും. വീണ്ടും കിടത്തം. അയല്‍വീട്ടിലെ ചെറുപ്പക്കാരാണ് തീ കൂട്ടാനുള്ള വിറക് കൊണ്ട് വരുന്നത്. മലമൂത്ര വിസര്‍ജജനമെല്ലാം കിടപ്പില്‍ തന്നെ. രണ്ട് തവണ അടുത്തുള്ളവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ട് പോയി മരുന്ന് കഴിക്കുമ്പോള്‍ ആശ്വാസം തോന്നാറുണ്ടെങ്കിലും ആശുപത്രിയില്‍ പരിചരിക്കാന്‍ ആളില്ലാത്തതിനാല്‍ വീണ്ടും കോളനിയിലെത്തി. ചെണ്ണയുടെ ഭാഷയില്‍ പറഞ്ഞാല്‍ എനിക്കെന്ത് നാന്‍ ഇന്നോ നാളെയൊ കുഴിയിലേക്ക് കാലുനീട്ടും. ആരും സഹായിക്കാനില്ല ഇവിടെ പുള്ളേര് കൊണ്ട തരണ കഞ്ഞി കുടിക്കും. രോഗം എന്താണെന്നോ സ്ഥിരമായി മരുന്ന് കഴിക്കണമെന്നോ ചെണ്ണയ്ക്കറിയില്ല.
തൃകൈപറ്റ വെള്ളി തോട് നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ കഴിഞ്ഞാല്‍ മണികുന്ന് മലയിലേക്കുള്ള വഴിയിലെത്താം. അവിടെ നിന്ന് കുത്തനെയുള്ള കാട്ട് വഴിയിലൂടെ പാറകള്‍ക്ക് മുകളിലൂടെ ചാടി കടന്ന് ഇടുങ്ങിയ വഴിയിലൂടെ മാത്രമേ ഗോവിന്ദന്‍ പാറ കോളനിയിലെത്താനാവൂ. ആദിവാസി ക്ഷേമത്തിനായി കോടികള്‍ ചെലവഴിക്കുന്നുവെന്ന കണക്കുകള്‍ നിരത്തുന്നതിനിടയിലാണ് ഇവിടെയൊരു മനുഷ്യജീവനിങ്ങനെ ഉപേക്ഷക്കപ്പെട്ട അവസ്ഥയില്‍ കഴിയന്നത്.

RELATED STORIES

Share it
Top