രേഖകള്‍ ശരിയാക്കാം; യുഎഇയില്‍ പൊതുമാപ്പ് ബുധനാഴ്ച ആരംഭിക്കും

ദുബായ്: താമസരേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ബുധനാഴ്ച ആരംഭിക്കും. മൂന്ന് മാസമാണ് കാലാവധി. ശരിയായ രേഖകളില്ലാതെ യുഎഇയില്‍ കഴിയുന്നവര്‍ക്ക് ധൈര്യമായി പുറത്തിറങ്ങി രേഖകള്‍ ശരിയാക്കാനുള്ള ദിവസങ്ങളാണിത്. ഈ അവസരം എല്ലാവരും വിനിയോഗിക്കണമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ( ദുബായ് ഇമിഗ്രേഷന്‍) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മൊഹമ്മദ് അല്‍ മറിയും പൊതുമാപ്പ് നല്‍കുന്ന പ്രത്യേക വിഭാഗത്തിന്റെ ചുമതലക്കാരനായ അസി.ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗെയ്ത്തും പത്രസമ്മേളനത്തില്‍ പ്രവാസികളോടായി അഭ്യര്‍ഥിച്ചു.


വിപുലമായ ഒരുക്കങ്ങളാണ് ദുബായ് ഇമിഗ്രേഷന്‍ അവീറിലെ ഇമിഗ്രേഷന്‍ ഓഫീസ് പരിസരത്ത് തയ്യാറാക്കിയത്. വിശാലമായ ടെന്റുകളില്‍ വിവിധ രാജ്യക്കാര്‍ക്കായി പ്രത്യേകം ഹെല്‍പ് ഡെസ്‌കുകള്‍ ഇതിനായി ഒരുങ്ങി. സിവില്‍, ക്രിമിനല്‍ കേസുകളില്‍ പെടാത്ത എല്ലാവര്‍ക്കും ഈ അവസരം വിനിയോഗിക്കാമെന്ന് മേജര്‍ ജനറല്‍ അല്‍ മറി വിശദീകരിച്ചു.
കൃത്യമായ മാര്‍ഗങ്ങളിലൂടെ യു.എ.ഇ.യില്‍ എത്തുകയും എന്നാല്‍ മതിയായ താമസരേഖകളില്ലാതെ ഇപ്പോള്‍ ഇവിടെത്തങ്ങുന്ന ആര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും. ഇവ ശരിയാക്കാനും പാസ്‌പോര്‍ട്ട് തൊഴിലുടമയുടെയോ സ്‌പോണ്‍സറുടെയോ കൈവശമായിപ്പോയവര്‍ക്കും ഇവിടെ എത്തി രേഖകള്‍ ശരിയാക്കാം. എന്നാല്‍ സാമ്പത്തിക ക്രമക്കേടുകളിലും പൊലീസ് കേസുകളിലും പെട്ടവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. ഇവര്‍ ബന്ധപ്പെട്ട കോടതികളിലോ പോലീസ് സ്‌റ്റേഷനുകളിലോ പോയി കേസുകള്‍ അവസാനിപ്പിച്ച ശേഷം താമസരേഖകളില്‍ പ്രശ്‌നമുണ്ടെങ്കില്‍ അത് ശരിയാക്കിയെടുക്കാനാവും.
ക്യാമ്പില്‍ എത്തുന്നവര്‍ പാസ്‌പോര്‍ട്ട് കൈവശം കരുതണം. ഇല്ലാത്തവരുടെ കാര്യം പ്രത്യേകം പരിഗണിക്കും. സ്‌പോണ്‍സറുടെ കൈവശമാണ് പാസ്‌പോര്‍ട്ട് ഉള്ളതെങ്കില്‍ അത് വാങ്ങിച്ചെടുക്കുന്നതും ക്യാമ്പില്‍ സാധ്യമാകും.
രേഖകള്‍ പരിശോധിക്കാനും ശരിപ്പെടുത്താനുമായി ഇമിഗ്രേഷന്‍ വകുപ്പ് ഒമ്പത് കേന്ദ്രങ്ങള്‍ തുറക്കുന്നുണ്ട്. അല്‍ അവീറിലെ ഇമിഗ്രേഷന്‍ ഓഫീസ് പരിസരത്ത് വിശാലമായ ശീതീകരിച്ച ടെന്റുകളാണ് പൊതുമാപ്പ് ലഭിക്കാനായെത്തുന്നവര്‍ക്കായി ദുബായ് ഇമിഗ്രേഷന്‍ അധികൃതര്‍ സജ്ജമാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത ടെന്റുകളുണ്ട്. ഓരോ ടെന്റിലും വിവിധ രാജ്യക്കാര്‍ക്കായി പ്രത്യേക കൗണ്ടറുകളും ഉണ്ടാവും. ഭാഷ അറിയാത്തവര്‍ക്കായി അവരെ സഹായിക്കാനും ആള്‍ക്കാരുണ്ട്. എന്നും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് മണി വരെയാണ് ടെന്റുകളുടെ പ്രവര്‍ത്തന സമയം. ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രേഖകള്‍ ശരിയാക്കിക്കഴിഞ്ഞാല്‍ നാട്ടിലേക്ക് പോകാനുള്ള ഔട്ട് പാസ് ലഭിക്കുന്നവര്‍ 21 ദിവസത്തിനുള്ളില്‍ ആ ആനുകൂല്യം ഉപയോഗിക്കണം. പാസ്‌പോര്‍ട്ടില്‍ യാത്രാ നിരോധനം എന്ന സീല്‍ പതിക്കാത്തതിനാല്‍ എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് തിരിച്ചുവരാം. കണ്ണ് സ്‌കാനിങ്, ഫോട്ടോ എടുക്കല്‍ എന്നീ നടപടിക്രമങ്ങളും ഇവിടെ നടക്കും. ദുബായ് ഇമിഗ്രേഷന്‍ സഹായം ലഭ്യമാക്കാനായി പൊതുമാപ്പ് സമയത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 8005111 എന്ന നമ്പറില്‍ ആര്‍ക്കും എപ്പോഴും പ്രശ്‌നങ്ങള്‍ വിളിച്ചുപറയാം. www.moher.gov.ae എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

RELATED STORIES

Share it
Top