രേഖകള്‍ നല്‍കിയില്ല; ആത്മഹത്യാ ഭീഷണിയുമായി അപേക്ഷകന്‍

മുക്കം: അപേക്ഷ നല്‍കി ഒരു മാസം കഴിഞ്ഞിട്ടും തന്റെ അപേക്ഷയില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് അപേക്ഷകനും ഇദ്ദേഹത്തിന് പിന്തുണയുമായി സിപിഎം പ്രവര്‍ത്തകരുമെത്തിയത്   കുമാരനെല്ലുര്‍ വില്ലേജ് ഓഫിസില്‍ സംഘര്‍ഷം തീര്‍ത്തു. മരഞ്ചാട്ടി പിലാക്ക ചാലില്‍ സുലൈമാന്‍ എന്നയാള്‍ക്കാണ് അധികൃതര്‍ രേഖകള്‍ നല്‍കാത്തത്. കഴിഞ്ഞ ആഴ്ച സിപിഎം പ്രവര്‍ത്തകര്‍ ഈ ആവശ്യവുമായെത്തിയിരുന്നങ്കിലും കഴിഞ്ഞ വെള്ളിയാഴ്ചക്ക് മുമ്പ് രേഖകള്‍ നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സമരം നിര്‍ത്തിവെക്കുകയായിരുന്നു.
എന്നാല്‍ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും വില്ലേജ് ഓഫിസര്‍ രേഖകള്‍ നല്‍കാന്‍ തയ്യാറായില്ല. ചൊവാഴ്ചയാണ് തനിക്ക് രേഖകള്‍ ഹാജരാക്കേണ്ട അവസാന തിയ്യതി യെന്നറിയിച്ചങ്കിലും വില്ലേജ് ഓഫിസര്‍ വഴങ്ങിയില്ല. ഇതോടെ സുലൈമാന്‍ ആത്മഹത്യാ ഭീഷണിയും മുഴക്കി. ഈ സമയത്താണ് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വ ത്തില്‍ ഓഫിസറെ ഉപരോധിച്ചത്.
3 മണിക്ക് തുടങ്ങിയ ഉപരോധം 7 മണി വരെ നീണ്ടു. ഇതോടെ വില്ലേജ് ഓഫിസര്‍ക്ക് 5 മണിക്ക് ഡ്യൂട്ടി കഴിഞ്ഞങ്കിലും പുറത്ത് പോവാനുമായില്ല. സംഭവം സംഘര്‍ഷത്തിലേക്ക് നീണ്ടതോടെ തഹസില്‍ദാര്‍ അനിതകുമാരി, മുക്കം പോലിസ് എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ച് ഇന്ന് വൈകുന്നേരത്തിനകം എല്ലാ രേഖകളും നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.
സജി തോമസ്, മാന്ത്ര വിനോദ്, വി ജയപ്രകാശ്, ഇ പി അജിത്ത്, കെ സുരേഷ്, ഇ ബൈജു നേതൃത്വം നല്‍കി. സ്വന്തം പേരിലുള്ള ആറേമുക്കാല്‍ സെന്റ് സെന്റ് സ്ഥലം പണയപ്പെടുത്തി ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുന്നതിനായി പട്ടയം ആവശ്യമായതിനെ തുടര്‍ന്ന് ഇയാള്‍ പട്ടയത്തിനായി ഇവിടെ അപേക്ഷ നല്‍കിയിരുന്നു. പട്ടയത്തിന് അപേക്ഷിച്ച ഫയല്‍ നമ്പര്‍ കിട്ടുന്നതിനുവേണ്ടി സുലൈമാന്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി വില്ലജ് ഓഫി സില്‍ കയറിയിറങ്ങുകയാണ്.

RELATED STORIES

Share it
Top