രേഖകളില്‍ വ്യക്തത തേടി പോലിസ് കര്‍ണാടകയിലേക്ക്‌

മഞ്ചേരി: ബിസിനസ് പങ്കാളിത്തത്തിന് പണം വാങ്ങി പ്രവാസി മലയാളിയെ വഞ്ചിച്ചെന്ന പി വി അന്‍വര്‍ എംഎല്‍എക്കെതിരായ കേസില്‍ ബന്ധപ്പെട്ട ഭൂരേഖകളില്‍ വ്യക്തത ഉറപ്പാക്കാന്‍ അന്വേഷണസംഘം വീണ്ടും കര്‍ണാടകയിലേക്ക് തിരിക്കും. നേരത്തെ പോലിസ് സംഘം കര്‍ണാടകയിലെത്തി അന്വേഷണം നടത്തിയിരുന്നെങ്കിലും കൃത്യമായ നിഗമനത്തിലെത്താവുന്ന രേഖകള്‍ പൂര്‍ണമായും ബന്ധപ്പെട്ട ഓഫിസുകളില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മഞ്ചേരി സിഐ എന്‍ ബി ഷൈജു പറഞ്ഞു.പി അന്‍വര്‍ എംഎല്‍എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി മലപ്പുറം പട്ടര്‍കടവ് സ്വദേശി സലിം നടുത്തൊടി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മഞ്ചേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കര്‍ണാടകയിലെ ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീര്‍പന്തല്‍ പഞ്ചായത്തിലുള്ള മാലോടത്ത് കാരായയില്‍ 26 ഏക്കറില്‍ ക്രഷര്‍ യൂനിറ്റ് നടത്തുന്നുണ്ടെന്നാണ് തന്നെ വിശ്വസിപ്പിച്ചിരുന്നതെന്ന് സലിമിന്റെ പരാതിയില്‍ പറഞ്ഞിരുന്നു. 10 ലക്ഷം രൂപ ചെക്കായും 40 ലക്ഷം പണമായും കൈപ്പറ്റിയ ശേഷം ലാഭമോ മുതലോ നല്‍കിയില്ലെന്നും പണം തിരികെ ചോദിച്ചിട്ടും ഫലമുണ്ടായില്ലെന്നും പരാതിയിലുണ്ട്. അഞ്ചു വര്‍ഷം മുമ്പ് നടന്ന സംഭവത്തിലെ ഭൂരേഖകള്‍ കണ്ടെടുത്താല്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോവൂ. ഇതിനായി കഴിഞ്ഞദിവസം പോലിസ് സംഘം ബന്ധപ്പെട്ട ഓഫിസുകളില്‍ നിന്ന് ഏതാനും രേഖകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇനിയും കൂടുതല്‍ രേഖകള്‍ കണ്ടെടുത്ത ശേഷമാവും കരാറില്‍ പറഞ്ഞ കാര്യങ്ങളില്‍ പിശകുകളുണ്ടോ എന്നു കണ്ടെത്താനാവുക. ബല്‍ത്തങ്ങാടി താലൂക്കിലെ ഭൂമിയുടെ രേഖകള്‍ കന്നട ഭാഷയിലുള്ളതാണെന്നതും അന്വേഷണം ഇഴയാന്‍ കാരണമാവുന്നുണ്ട്.

RELATED STORIES

Share it
Top