രേഖകളില്ലാതെ കടത്തിയ അരി പിടികൂടി

മാള: ആവശ്യമായ രേഖകളില്ലാത്തതിനാല്‍ രണ്ട് ലോഡ് അരി മാള എസ് ഐയുടെ നേതൃത്വത്തില്‍ പോലിസ് പിടികൂടി. ചാലക്കുടി എഫ് സി ഐ ഗോഡൗണില്‍ നിന്നും അയച്ച നാല് ലോഡുകളാണ് മാള വലിയപറമ്പിലുള്ള ത്രിവേണിയുടെ ഗോഡൗണിലേക്ക് വന്നത്. ഇവയില്‍ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ലോഡുകള്‍ വിട്ട് നല്‍കുകയും രണ്ട് ലോഡുകള്‍ മാള പോലിസ് സ്‌റ്റേഷനിലേക്ക് എത്തിക്കുകയുമാണ് ചെയ്തത്. പിടികൂടിയ രണ്ട് ലോഡുകളില്‍ അരിയാണെങ്കിലും രേഖകളില്‍ ഗോതമ്പെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിട്ടയച്ച ലോഡുകളില്‍ മതിയായ പരിശോധന നടത്താതെ ബില്ല് നോക്കിയാണ് വിട്ടയച്ചതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഗോതമ്പ് കയറ്റിയ രണ്ട് ലോറികളിലും ആവശ്യമായ രേഖകളുണ്ടായിരുന്നതിനാലാണ് പോലിസ് വിട്ടുകൊടുത്തത്. എന്നാല്‍ അരിയാണോ ഗോതമ്പാണോ എന്ന് ലോറികളില്‍ പരിശോധന നടത്തിയിട്ടില്ല. കയറ്റിയ രണ്ട് ലോറികളിലും ലോഡ് എവിടെ ഇറക്കണമെന്നത് സംബന്ധിച്ച രേഖകളൊന്നും തന്നെയുണ്ടായില്ല. ഇതിനാലാണ് രണ്ട് ലോറികളും വലിയപറമ്പിലെ ത്രിവേണി ഗോഡൗണിന് സമീപത്ത് നിന്നും ഇന്നലെ മൂന്നോടെ പിടികൂടിയത്. വിജിലന്‍സ് ഡി വൈ എസ് പി കെ പി ജോസിന്റെ സൂചനയനുസരിച്ചാണ് മാള പോലിസ് ലോഡുകള്‍ പിടികൂടിയത്. ക്രിസ്മസിന് മുന്നോടിയായുള്ള അരികടത്തലാണോ നടന്നതെന്ന സംശയമാണ് ജനങ്ങളിലുള്ളത്. മാള, കുഴൂര്‍ ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ വലിയപറമ്പിലെ ത്രിവേണി ഗോഡൗണില്‍ സൂക്ഷിക്കുന്നത്.

RELATED STORIES

Share it
Top