രൂപയുടെ മൂല്യം ഒരു വര്‍ഷത്തനിടെ ഏറ്റവും താഴ്ന്ന നിരക്കില്‍

ദുബയ്: ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഡോളറുമായുള്ള വിനിമയ നിരക്കില്‍ 2017 ഫെബ്രുവരി മുതലുള്ള ഏറ്റവും വലിയ ഇടിവാണ് രൂപക്ക് സംഭവിച്ചത്. ഇന്ധന വിലയിലെ വര്‍ധനയാണ് വിലയിടിവിലേക്ക് നയിച്ച പ്രധാന കാരണം.
യുഎഇ ദിര്‍ഹമിന് 18.27 എന്നതായിരുന്നു രൂപയുടെ ഇന്നലത്തെ മൂല്യം. ഡോളറുമായുള്ള വിനിമയത്തില്‍ 67.10 ആയിരുന്നു രൂപയുടെ മൂല്യം. ഒരു വര്‍ഷത്തിനിടെ ഇത്രയും താഴ്ന്ന മൂല്യത്തിലേക്ക് രൂപ വീണിട്ടില്ലെന്ന് ധനമേഖലാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രില്‍ പകുതിയോടെ തന്നെ രൂപയുടെ വില ഇടിയാന്‍ തുടങ്ങിയിരുന്നുവെന്നും ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതും വാണിജ്യക്കമ്മിയും അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യം തകര്‍ന്നതിന്റെ കാരണമെന്നാണ് വിലയിരുത്തല്‍. രൂപയുടെ വീഴ്ച വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണമൊഴുകാന്‍ കാരണമാകും. കഴിഞ്ഞ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികള്‍ വഴി എത്തിയത് മൊത്തം 69 ശതകോടി ഡോളര്‍ (253 ശതകോടി ദിര്‍ഹം) ആയിരുന്നു. അതായത്, മുന്‍ വര്‍ഷത്തേക്കാള്‍ 9.9 ശതമാനം വര്‍ധന. രൂപയുടെ വിലയിടിവോടെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്നതില്‍ വന്‍ വര്‍ധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

RELATED STORIES

Share it
Top