രാഹുല്‍ ഗാന്ധി സ്ഥാനമേറ്റു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു. രാവിലെ രാവിലെ 11ന്  ഡല്‍ഹി അക്ബര്‍ റോഡിലെ എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യ വരാണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ അധികാര രേഖ രാഹുലിന് കൈമാറി. പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എഐസിസി ഭാരവാഹികള്‍, പിസിസി അധ്യക്ഷന്മാര്‍, പാര്‍ട്ടി മുഖ്യമന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കേരളത്തില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ പങ്കെടുത്തു.


സ്ഥാനമൊഴിയുന്ന സോണിയഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്,  രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌ര തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. പുതിയ കാലത്തിന്റെ തുടക്കമാണിതെന്നും മാറ്റത്തിന് വഴിതെളിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമെന്നും സോണിയാ ഗാന്ധി തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. സോണിയ ഗാന്ധിയുടെ വിടവാങ്ങല്‍ പ്രസംഗത്തിനുശേഷം രാഹുല്‍ഗാന്ധി നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അധ്യക്ഷപദത്തിലെത്തിയ ശേഷമുള്ള തന്റെ കന്നി പ്രസംഗത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും എന്നാല്‍ കോണ്‍ഗ്രസിന്റേത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സ്‌നേഹത്തിന്റെ രാഷ്ട്രീയമാണെന്നും രാഹുല്‍ പറഞ്ഞു. ഭക്ഷണത്തിന്റെ പേരില്‍ പോലും ആളുകള്‍ കൊല്ലപ്പെടുന്നു. ഈ സാഹചര്യത്തില്‍ ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.അടുത്തമാസം ചേരുന്ന എഐസിസി പ്ലീനത്തില്‍ സ്ഥാനമേറ്റെടുക്കല്‍ പൂര്‍ണമാകും.

RELATED STORIES

Share it
Top