രാഹുല്‍ ഗാന്ധിക്കെതിരേ തിരഞ്ഞെടുപ്പു കമ്മീഷനില്‍ പരാതി

ഗാന്ധിനഗര്‍: നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരേ തിരഞ്ഞെടുപ്പു കമ്മീഷനില്‍ പരാതി. ഗുജറാത്ത് ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷം ജനപ്രാതിനിധ്യ നിയമത്തിലെ 126ാം വകുപ്പ് ലംഘിച്ചെന്നാണു രാഹുല്‍ഗാന്ധിക്കെതിരായി തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ലഭിച്ചിരിക്കുന്ന പരാതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. രാഹുല്‍ ഗാന്ധി ഒരു ലോക്കല്‍ ചാനലിന് നല്‍കിയ അഭിമുഖമാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.രാഹുല്‍ഗാന്ധിയുടെ ഇന്റര്‍വ്യൂ തിരഞ്ഞെടുപ്പ് സമയത്തു പ്രക്ഷേപണം ചെയ്തതായി പരാതി കിട്ടിയിട്ടുണ്ടെന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ബിബി സ്വായിന്‍ പറഞ്ഞു. അഭിമുഖത്തിന്റെ ഡിവിഡി ശേഖരിച്ചിട്ടുണ്ട്. ഇതു പരിശോധിച്ച് ജനപ്രാതിനിധ്യ നിയമത്തിലെ 126ാം വകുപ്പ് ലംഘിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന 48 മണിക്കൂറില്‍ ഇത്തരം അഭിമുഖങ്ങള്‍ക്ക് അനുവാദമില്ലെന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെതിരേ നടപടിയെടുക്കുമെന്നാണു താന്‍ കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ഗുജറാത്തിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഇന്നാണ് നടക്കുന്നത്. 89 നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടപ്പ് ശനിയാഴ്ചയാണ് നടന്നത്. ഗുജറാത്തിലെ ഒന്നാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 66.75 ശതമാനമായിരുന്നു.

RELATED STORIES

Share it
Top