രാഹുലിന്റെ ഒറ്റയാള്‍പോരാട്ടത്തില്‍ പഞ്ചാബിന് ആറ് വിക്കറ്റ് ജയം


ഇന്‍ഡോര്‍: കെ എല്‍ രാഹുലിന്റെ (84*) അപരാജിത അര്‍ധ സെഞ്ച്വറിക്കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. ആറ് വിക്കറ്റിനാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. മുന്‍ നിരയുടെ തകര്‍ച്ചക്ക് ശേഷം രാഹുലിന്റെ ബാറ്റിങാണ് പഞ്ചാബിന് കരുത്തായത്.  രാഹുല്‍ 54 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സറുമാണ് അടിച്ചെടുത്തത്. കരുണ്‍ നായരും (31) പഞ്ചാബിന് വേണ്ടി തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ രാജസ്ഥാന്‍ നിരയില്‍ ജോസ് ബട്‌ലര്‍ (39 പന്തില്‍ 51) ടോപ് സ്‌കോററായി. ഏഴ് ഫോറുകളാണ് ബട്‌ലര്‍ അടിച്ചെടുത്തത്.  സഞ്ജു സാംസണ്‍ (23 പന്തില്‍ 28), ശ്രേയസ് ഗോപാല്‍ (16 പന്തില്‍ 24) എന്നിവരും രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അജിന്‍ക്യ രഹാനെ (5), ബെന്‍ സ്റ്റോക്‌സ് (12) എന്നിവര്‍ വീണ്ടും നിരാശപ്പെടുത്തി.പഞ്ചാബിന് വേണ്ടി മുജീബുര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റും ആന്‍ഡ്രേ ടൈ രണ്ട് വിക്കറ്റും സ്വന്തമാക്കി.
ജയത്തോടെ 12 പോയിന്റുകളുമായി പഞ്ചാബ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. രാജസ്ഥാന്‍ അവസാന സ്ഥാനത്ത് തന്നെയാണ്.

RELATED STORIES

Share it
Top