രാഹുലിനോട് ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലിം ബുദ്ധിജീവികള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി മുസ്‌ലിം ബുദ്ധി ജീവികള്‍ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ നിലപാടുകളോട് ആശങ്ക പ്രകടിപ്പിച്ച നേതാക്കളോട് എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന നിലപാടായിരിക്കും പാര്‍ട്ടിയുടേതെന്ന് രാഹുല്‍ ഉറപ്പ് നല്‍കി. രാഹുലിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
കോണ്‍ഗ്രസ്സിന് ഏതെങ്കിലും പ്രത്യേക മതത്തിനോ, വിഭാഗത്തിനോ മാത്രമായുള്ള അജണ്ടയില്ലെന്നും എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന, നീതിയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമാണു പാര്‍ട്ടിയുടേതെന്നും രാഹുല്‍ വ്യക്തമാക്കി. പാര്‍ട്ടി അതിന്റെ ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കില്ല. ആരോടും അനീതി കാണിക്കില്ല. ബിജെപിയുടെ ആശയം വിഭജനമാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെ ആശയം എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടി വിവിധ വിഭാഗങ്ങളുമായി നടത്തുന്ന ആശയ വിനിമയത്തിന്റെ ഭാഗമാണു മുസ്‌ലിം ബുദ്ധിജീവികളുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച. പ്ലാനിങ് കമ്മീഷന്‍ മുന്‍  അംഗം സെയ്ദ് ഹമീദ്, ജെഎന്‍യു പ്രഫ. സോയ ഹസന്‍, അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മുന്‍ പ്രസിഡന്റ് ഇസഡ് കെ ഫൈസാന്‍, വിദ്യാഭ്യാസ വിദഗ്ധന്‍ ഇല്യാസ് മാലിക്, റിട്ടയേഡ് ഉദ്യോഗസ്ഥന്‍ എ എഫ് ഫാറൂഖി, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
മുന്‍ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, കോണ്‍ഗ്രസ് ന്യൂനപക്ഷ കമ്മിറ്റി മേധാവി നദീം ജാവേദ് എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top