രാഹുലിനെതിരായ അവകാശലംഘന നോട്ടീസ് സ്പീക്കര്‍ക്ക് കൈമാറി

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ പരിഹസിച്ചു എന്നാ—രോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരേ ബിജെപി നല്‍കിയ അവകാശലംഘന നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് കൈമാറി. രാഹുല്‍ഗാന്ധി ലോക്‌സഭാംഗമായതിനാലാണ് നടപടിക്രമങ്ങള്‍ക്കായി കത്തു ലോക്‌സഭാ സ്പീക്കര്‍ക്കു കൈമാറിയത്. രാഹുലിനെതിരായ പരാതിയില്‍ പ്രാഥമിക പരിശോധനയില്‍ കഴമ്പുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വെങ്കയ്യ നായിഡു നോട്ടീസ് സുമിത്രാ മഹാജനു കൈമാറിയിരിക്കുന്നത്. രാഹുലിനെതിരായ മറ്റൊരു പരാതിയും നിലവില്‍ ലോക്‌സഭയിലെ എത്തിക്‌സ് കമ്മിറ്റി മുമ്പാകെയുണ്ട്. ബിജെപി എംപി ഭൂപേന്ദ്ര യാദവാണു രാഹുലിനെതിരേ നോട്ടീസ് നല്‍കിയത്. സാമൂഹിക മാധ്യമത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരേ പ്രധാനമന്ത്രി മോദി നടത്തിയ ഗുരുതരമായ ആരോപണത്തിന് രാജ്യസഭയില്‍ ജെയ്റ്റ്‌ലി വിശദീകരണം നല്‍കിയതിനു പിന്നാലെ വന്ന രാഹുലിന്റെ ട്വീറ്റാണ് ബിജെപിയെ വിറളിപിടിപ്പിച്ചത്. ഡിയര്‍ മിസ്റ്റര്‍ ജയിറ്റ് ലൈ നമ്മുടെ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതല്ല പറയുന്നതെന്നും പറയുന്നതല്ല ഉദ്ദേശിക്കുന്നതെന്നും രാജ്യത്തെ ഓര്‍മിപ്പിച്ചതിന് നന്ദിയുണ്ട് എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. ജെയ്റ്റ്‌ലി എന്നതിനു പകരം നുണ എന്നര്‍ഥം കൂട്ടിച്ചേര്‍ത്ത് ജയിറ്റ് ലൈ എന്നാണ് രാഹുല്‍ പ്രയോഗിച്ചത്. ഇതിനെതിരേ നടപടിയെടുക്കണമെന്നാണു ബിജെപി എംപിയുടെ ആവശ്യം. അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഗുരുതരമായ വ്യാജ ആരോപണങ്ങളുന്നയിച്ച മോദി മാപ്പ് പറയണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ വെങ്കയ്യ നായിഡു വിരുദ്ധ നിലപാട് എടുത്തതിനാല്‍ സഭാ നടപടികള്‍ ദിവസങ്ങളോളം മുടങ്ങിയിരുന്നു.

RELATED STORIES

Share it
Top