രാസവസ്തു പ്രയോഗം: 23 റഷ്യന്‍ പ്രതിനിധികളെ പുറത്താക്കുമെന്ന് മേയ്‌

ലണ്ടന്‍:  ബ്രിട്ടനുവേണ്ടി ചാരവൃത്തി നടത്തിയ റഷ്യന്‍ മുന്‍ ഉദ്യോഗസ്ഥനു നേരെ  രാസവസ്തു പ്രയോഗിച്ചതില്‍ പ്രതിഷേധിച്ച്  23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ  പുറത്താക്കക്കുമെന്ന് ബ്രിട്ടന്‍  പ്രധാനമന്ത്രി   തെരേസ മേയ് അറിയിച്ചു. റഷ്യക്കെതിരേ കൂടുതല്‍ ഉപരോധ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരച്ചടങ്ങിലേക്ക് ബ്രിട്ടനില്‍ നിന്ന് മന്ത്രിമാരോ രാജകുടുംബാംഗങ്ങളോ പങ്കെടുക്കില്ലെന്നും അവര്‍ അറിയിച്ചു.
മേയ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.  റഷ്യക്കെതിരേ ഉപരോധം കൊണ്ടുവരാനാണു കൂടിക്കാഴ്ചയെന്നാണു ലഭിക്കുന്ന വിവരം. വിഷ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് റഷ്യയുടെ ഭാഗത്തുനിന്ന് യാതൊരു സഹകരണങ്ങളും ലഭിക്കുന്നില്ലെന്ന് നേരത്തെ ബ്രിട്ടന്‍ ആരോപിച്ചിരുന്നു. സാമ്പത്തികവും നയതന്ത്രപരവുമായ ഉപരോധങ്ങളാണ് റഷ്യക്കെതിരേ ബ്രിട്ടന്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. റഷ്യന്‍ ചാരനായ സെര്‍ജി സ്‌ക്രിപാളും മകള്‍ യൂലിയയും അപകടനില തരണം ചെയ്തിട്ടില്ല. സ്‌ക്രിപാളിനു നേരെ പ്രയോഗിച്ചെന്നു പറയുന്ന രാസപദാര്‍ഥത്തിന്റെ സാംപിള്‍ കൈമാറണമെന്നാണ് റഷ്യയുടെ ആവശ്യം.

RELATED STORIES

Share it
Top