രാഷ്ട്രീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുന്നു: സിപിഎം

റാന്നി: അടിച്ചിപ്പുഴ ആദിവാസി യുവാവിന്റെ മരണം പൊലിസ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രടറി കെ പി ഉദയഭാനു പറഞ്ഞു. കഴിഞ്ഞ ദിവസം നിരപ്പുപാറ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അടിച്ചിപ്പുഴ തേക്കുംമൂട്ടില്‍  ബാലുവിന്റെ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ട ആദിവാസി യുവാവിന്റെ മരണത്തെ രാഷ്ട്രീയ മുതലെടുപ്പിനാണ് ചിലര്‍ ശ്രമിക്കുന്നത്. പോലിസ് നിഷ്പക്ഷമായ അന്വേഷണം നടത്തണം.  അമ്പലങ്ങളില്‍ നടക്കുന്ന ഉല്‍സവങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ച് ഇവിടങ്ങള്‍ കലാപഭൂമിയാക്കുകയാണ് രാജ്യത്തൊട്ടാകെ ആര്‍എസ്എസ് ചെയ്തുവരുന്നത്.  ബാലുവിന്റെ മരണം നടക്കുന്നതിന് തൊട്ടുമുമ്പ് അടിച്ചിപ്പുഴ കച്ചേരിത്തടം നാഗരാജ ക്ഷേത്രത്തില്‍ 21 ന് ഉല്‍സവത്തിനിടെ നടന്ന സംഘര്‍ഷവും ആര്‍എസ്എസുകാര്‍ സൃഷ്ടിച്ചതാണ്. ഇതിനെപ്പറ്റിയും പോലിസ് അന്വേഷണം നടത്തി ഉത്തരവാദികളായവരെ കണ്ടെത്തണം.
യുവാവിന്റെ മരണത്തോടെ നിരാലംബരായ കുടുംബത്തെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. രാജു ഏബ്രഹാം എംഎല്‍എ, റാന്നി ഏരിയാ സെക്രടറി പി ആര്‍ പ്രസാദ്, നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ രാജ് ജേക്കബ് അദ്ദേഹത്തോടൊപ്പം കോളനി സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top