താല്‍ക്കാലിക പരിഹാരം; സിപിഎമ്മിനെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധികള്‍

ഹൈദരാബാദ്: 22ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ രാഷ്ട്രീയ പ്രമേയത്തില്‍ ഉടലെടുത്ത ഭിന്നതയ്ക്ക് താല്‍ക്കാലിക പരിഹാരമായെങ്കിലും സിപിഎമ്മിനെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധികള്‍. ഒത്തുതീര്‍പ്പിലൂടെ ഇരുപക്ഷവും വിജയം അവകാശപ്പെടുമ്പോഴും പിബിയിലെ രണ്ടുവിഭാഗങ്ങളും രണ്ടു പ്രബല സംസ്ഥാന ഘടകങ്ങളും നേര്‍ക്കുനേര്‍ വന്ന ബലപരീക്ഷണം പാര്‍ട്ടിയെ ഊരാക്കുടുക്കിലേക്കു നയിക്കുമെന്നതില്‍ സംശയമില്ല.
സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയലൈന്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ അതിനെ പിന്തുണയ്ക്കുന്ന ബംഗാള്‍ ഘടകം സ്വീകരിക്കുന്ന നടപടികള്‍ വലിയ പ്രതിസന്ധിയിലേക്കു പാര്‍ട്ടിയെ തള്ളിയിടുമായിരുന്നു. അതേപോലെ, യെച്ചൂരിയുടെ ന്യൂനപക്ഷ നിലപാട് അതേപടി വിജയിച്ചാല്‍ രാജ്യത്തെ ഏറ്റവും വലിയ ഘടകമായ കേരളത്തിലും എതിര്‍പ്പുകള്‍ നേരിടേണ്ടിവരുമെന്നതും ഉറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുപക്ഷത്തെയും തൃപ്തിപ്പെടുത്തുന്ന സമവായ നീക്കങ്ങള്‍ ഉയര്‍ന്നുവന്നത്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളായ പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നീക്കങ്ങളാണ് സമവായത്തിനു കരുത്തേകിയത്.
അതേസമയം, പിബിയിലും കേന്ദ്രകമ്മിറ്റിയിലും നേരിട്ട തിരിച്ചടികള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസ്സിലൂടെ യെച്ചൂരി പ്രതികാരം വീട്ടി. തന്റെ നിലപാടിലേക്ക് പാര്‍ട്ടിയുടെ രാഷ്ട്രീയനയത്തെ സീതാറാം യെച്ചൂരി എത്തിച്ചത് അവസാനഘട്ടം വരെ പോരാടിയാണ്. 22ാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുമ്പോള്‍ യെച്ചൂരി ജന. സെക്രട്ടറി സ്ഥാനത്തു തുടരുമോയെന്നുപോലും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇന്നലെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ തിരുത്തല്‍ വരുത്തിയതോടെ യെച്ചൂരി തന്നെയാണ് പാര്‍ട്ടിയിലെ കരുത്തനെന്നു പറയേണ്ടിവരും.
യെച്ചൂരി ജനറല്‍ സെക്രട്ടറിയായ നാള്‍ മുതല്‍ പിബിയും കേന്ദ്രകമ്മിറ്റിയും രണ്ടുപക്ഷത്തായിരുന്നു. രാഷ്ട്രീയ പ്രമേയത്തെ ചൊല്ലിയുള്ള ഭിന്നതയോടെ ചേരിതിരിവ് കൂടുതല്‍ രൂക്ഷമായി. പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള കരട് രാഷ്ട്രീയരേഖ തയ്യാറാക്കുന്ന ഘട്ടത്തില്‍ തന്നെ ഇരുനേതാക്കളും രണ്ടുതട്ടിലായി. ബിജെപിയും കോണ്‍ഗ്രസ്സും വര്‍ഗശത്രുക്കളാണെന്നും അതിനാല്‍ രണ്ടുപാര്‍ട്ടികളെയും അകറ്റിനിര്‍ത്തണമെന്നുമായിരുന്നു കാരാട്ട് പക്ഷത്തിന്റെ നിലപാട്. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി ധാരണ വേണമെന്ന് യെച്ചൂരിയും വാദിച്ചു. കോണ്‍ഗ്രസ്സുമായി സഖ്യം ആഗ്രഹിക്കുന്ന ബംഗാള്‍ ഘടകം ഇതിനെ പിന്തുണച്ചു.
രണ്ടു നിലപാടുകള്‍ രണ്ടു രേഖകളായി ആദ്യം പോളിറ്റ്ബ്യൂറോക്ക് മുന്നിലെത്തി. രണ്ടുതവണ ചര്‍ച്ചചെയ്‌തെങ്കിലും കാരാട്ടിനായിരുന്നു പിന്തുണ. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം ഭൂരിപക്ഷ നിലപാടിനൊപ്പം സിസിയിലെ ചര്‍ച്ചകള്‍ കൂടി അടിസ്ഥാനമാക്കി ഒരു രേഖ തയ്യാറാക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയും യെച്ചൂരിയുടെ നിലപാട് വോട്ടിനിട്ട് തള്ളുകയായിരുന്നു. ഈ ഘട്ടത്തിലും പതറാതിരുന്ന യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് അന്തിമ തീരുമാനമെടുക്കണമെന്ന നിലപാടെടുത്തു.
ഇതേത്തുടര്‍ന്ന് യെച്ചൂരിയുടെ വാദം അവതരിപ്പിക്കാന്‍ സിസി അനുമതി നല്‍കി. ഇതേത്തുടര്‍ന്നാണ് രണ്ടു നിലപാടുകളും പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നിലെത്തിയത്.

RELATED STORIES

Share it
Top