രാഷ്ട്രീയ കൊല: മാഹിയില്‍ കനത്ത ജാഗ്രത

മാഹി: രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് കനത്ത ജാഗ്രതയില്‍ മാഹി.അതേസമയം സിപിഎം നേതാവ് ബാബു കൊല്ലപ്പെട്ട് മുക്കാല്‍ മണിക്കൂറിനുളളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജും കൊല്ലപ്പെട്ട സംഭവങ്ങളില്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.ഒരു പ്രതിയുടെ അറസ്റ്റ് പോലും രേഖപ്പെടുത്താന്‍ പുതുച്ചേരി പോലിസിനും കേരള പോലിസിനും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തുടര്‍ സംഘര്‍ഷങ്ങള്‍ തടയാന്‍ മാഹിയിലും ന്യൂ മാഹിയിലും ഇരുസംസ്ഥാനങ്ങളിലെയും പോലിസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.അതിനിടെ കേസുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളിലെയും 10 പേരെ കസ്റ്റഡിയിലെടുത്തു. ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു ബിജെപിക്കാരെ പള്ളൂര്‍ പോലിസും ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകരെ ന്യൂമാഹി പോലിസുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. അതിനിടെ, ഇരുകൊലകള്‍ക്കു പിന്നിലും രാഷ്ട്രീയം തന്നെയാണെന്നാണ് എഫ്‌ഐആറിലെ സൂചന. ബാബുവിനെ ആക്രമിച്ച സംഘത്തില്‍ എട്ടുപേര്‍ ഉണ്ടായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒ പി രജീഷ്, മസ്താന്‍ രാജേഷ്, കാരിക്കുന്നേല്‍ സുനി, മഗ്‌നീഷ് എന്നിവരുടെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. നാലുപേര്‍ ചേര്‍ന്ന് ബാബുവിനെ വീട്ടിലേക്ക് കയറുന്നത് തടഞ്ഞു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറ്റു നാലുപേര്‍ ചേര്‍ന്ന് വെട്ടുകയായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്ത കൊലയാണെന്നും കഴുത്തിനും വയറിനും കൃത്യമായി വെട്ടുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ഷമേജിനെ വെട്ടിയത് പ്രദേശവാസികളായ ആറംഗ സംഘമാണെന്നും പോലിസ് പറയുന്നു.

RELATED STORIES

Share it
Top