രാഷ്ട്രീയാധിഷ്ഠിത വികസന കാഴ്ചപ്പാട്: മഞ്ചേരി മെഡിക്കല്‍ കോളജിന്റെ സ്വപ്‌നങ്ങള്‍ പൊലിയുന്നു

റജീഷ് കെ സദാനന്ദന്‍
മഞ്ചേരി: രാഷ്ട്രീയാധിഷ്ഠിതമായ വികസന കാഴ്ചപ്പാടില്‍ സ്വപ്‌നം പൊലിയുന്ന ജനതയുടെ ജില്ലയായി മലപ്പുറം മാറുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മഞ്ചേരിയിലെ ഗവ. മെഡിക്കല്‍ കോളജ്. ജില്ലയുടെ ആരോഗ്യപരമായ വികാസത്തിന് സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളജ് വേണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ടായിരുന്നു. ആ സ്വപ്‌നം നിറവേറ്റാന്‍ മഞ്ചേരിയില്‍ ജനറല്‍ ആശുപത്രിക്കായി കെട്ടിടമൊരുക്കാന്‍ സാധാരണക്കാരും വിദ്യാര്‍ഥികളുംവരെ പണം നല്‍കിയതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.
മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമായി. ഇതിന്റെ അംഗീകാരം സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ഉപാധികള്‍ ഇനിയും തിരിച്ചറിയാനാവാത്ത പൊതുജനം ആതുരാലയം രോഗപ്രഭവ കേന്ദ്രമാവുന്നതിലാണ് ആകുലപ്പെടുന്നത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഇരയായി മഞ്ചേരിക്കനുവദിച്ച ജനറല്‍ ആശുപത്രി ഇല്ലാതായി. ജനകീയനായിരുന്ന എംഎല്‍എ എം പി എം ഇസ്ഹാഖ് കുരിക്കള്‍ ജില്ലാ നിവാസികള്‍ക്ക് പ്രയോജനകരമാവും വിധം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച സ്ത്രീകളുടേയും കുട്ടികളുടേയും ആതുരാലയവും മെഡിക്കല്‍ കോളജിന്റെ പേരില്‍ ഇല്ലാതായി. തുടര്‍ന്നുവന്ന മെഡിക്കല്‍ കോളജ് രോഗപ്രഭവ കേന്ദ്രമാവുമ്പോള്‍ അനിവാര്യമായ ഇടപെടല്‍ മറന്ന ഭരണ നേതൃത്വങ്ങള്‍ വികസന സ്വപ്‌നത്തിന്റെ കോടിക്കണക്കുകളാണ് ജില്ലയിലെ സാധാരണക്കാര്‍ക്കുനേരെ നീട്ടുന്നത്. വികാസത്തിനുള്ള സാധ്യതകള്‍പോലും പരിഗണിക്കാതെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മഞ്ചേരിയില്‍ മെഡിക്കല്‍ കോളജ് അനുവദിക്കുന്നത്. ഇതിന്റെ അംഗീകാരം നിലനിര്‍ത്തുന്നതിന് എംസിഐക്കു മുന്നില്‍ ഇല്ലാക്കണക്കുകളും സൗകര്യ വിവരങ്ങളും നിരത്തി മുന്‍ സര്‍ക്കാര്‍ അരങ്ങൊഴിഞ്ഞു. പിന്നീടു വന്ന ഇടതു സര്‍ക്കാറില്‍ ജനമര്‍പ്പിച്ച വിശ്വാസവും തകിടം മറിയുകയാണ്.
കഴിഞ്ഞ സര്‍ക്കാറിന്റെ പോരായ്മകള്‍ അക്കമിട്ടു നിരത്തി ഭാവിയിലേക്കുള്ള വികാസ പദ്ധതികളാണ് നിലവിലെ സര്‍ക്കാറും ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കുന്നത്. കോടിക്കണക്കിനു രൂപയുടെ കണക്കുകള്‍ നിരത്തി വികസനത്തിലെ പോരായ്മകള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നതിന് ഇരയാവുകയാണ് ജില്ലയിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. അടിസ്ഥാന വികസനത്തില്‍ ആതുരാലയം രോഗപ്രഭവ കേന്ദ്രമാവുന്നതിനു പരിഹാരം വേണമെന്ന ജനകീയാവശ്യ യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് നടപ്പാവാതെ പോവുന്നു. മാലിന്യം കൈകാര്യം ചെയ്യുന്നതിലും ആതുരാലയ പരിസരത്ത് മാലിന്യം നിറഞ്ഞൊഴുകുന്ന അവസ്ഥയ്ക്കും ഭാവി നോക്കാതെതന്നെ തീരുമാനമെടുക്കാനാവും.
ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും മരാമത്ത് വകുപ്പില്‍നിന്നു നടപടിയില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കാതെയുള്ള തുടര്‍ വികസന പദ്ധതികള്‍ ജനങ്ങള്‍ എതിര്‍ക്കുന്നെണ്ടെങ്കിലും ഇക്കാര്യത്തില്‍ സാമൂഹിക ബാധ്യത മുന്‍നിര്‍ത്തിപോലും സംഘടനകള്‍ ഇടപെടുന്നില്ല എന്നതാണ് വസ്തുത.
ഡെങ്കിയടക്കം പകര്‍ച്ച വ്യാധികള്‍ ജനാരോഗ്യത്തിനു വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സ്റ്റോര്‍ കോംപ്ലക് സ്ഥാപിക്കുന്നതിനായി രണ്ടരക്കോടി രൂപയുടെ ഭരണാനുമതി നല്‍കിയതിലാണ് ഇടതു സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടം അവകാശപ്പെടുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ദീര്‍ഘകാല ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നതെന്നാണ് വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറുടെ വിലയിരുത്തല്‍.
മതിയായ സൗകര്യങ്ങളൊരുക്കാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തിയത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് എംസിഐ നിര്‍ദേശിച്ച പ്രകാരമുള്ള കുറവുകള്‍ പരിഹരിക്കുകയും അധ്യാപക തസ്തികയിലുള്ള ഒഴിവുകള്‍ പൂര്‍ണമായും നികത്തുകയും ചെയ്തു.
പുതുതായി 10 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു. നോണ്‍ ടീച്ചിങ് സ്റ്റാഫിന്റേയും ഓഫിസ് സ്റ്റാഫിന്റെയും ഒഴിവുകള്‍ ഉടന്‍ നികത്തുന്നതാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം.  മഞ്ചേരി മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വാഗ്ദാനം. 2020 ഓടുകൂടി പ്രവര്‍ത്തനസജ്ജമാവുന്ന രീതിയില്‍ 103 കോടിയുടെ പ്രോജക്ടാണ് ലക്ഷ്യം വയ്ക്കുന്നത്. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളേയും ഹോസ്റ്റലുകള്‍, ഓഡിറ്റോറിയം, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, നോണ്‍ ടീച്ചിങ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഫുട്ബോള്‍ ഗ്രൗണ്ട് തുടങ്ങിയവയാണ് ഇതില്‍ പ്രധാനമായുമുള്ളത്. ഈ പദ്ധതിയുടെ ടെക്നിക്കല്‍ അപ്രൂവല്‍ ലഭിച്ചു കഴിഞ്ഞു.
കിറ്റ്‌കോയ്ക്കാണ് നിര്‍മാണ ചുമതല. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍, ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാറിന്റെ മൗനം ഇടതു ഭരണ കാലത്തും സുവ്യക്തമാണ്. ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ട ജനങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ അധികാരത്തിലെത്തുമ്പോള്‍ നയം മാറുന്നതാണ് ജനകീയാരോഗ്യത്തില്‍ ജില്ലയുടെ ചിരകാല സ്വപ്‌നമായ മെഡിക്കല്‍ കോളജ് നേരിടുന്ന വെല്ലുവിളി. യാഥാര്‍ഥ്യം മറന്നുള്ള വിസന രാഷ്ട്രീയം ഒരു ജനതയെ പ്രതികരണ ശേഷിയിലേക്കുയര്‍ത്തുന്ന കേന്ദ്രമായി മഞ്ചേരി മെഡിക്കല്‍ കോളജ് മാറുന്നു.

RELATED STORIES

Share it
Top