രാഷ്ട്രീയാധികാരം ലഭിച്ചിട്ടും സ്ത്രീകള്‍ സുരക്ഷിതരല്ല: മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: രാഷ്ട്രീയാധികാരവും രാഷ്ട്രീയ സ്വതന്ത്ര്യവും ലഭിച്ചിട്ടും സമൂഹത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പൊതുമരാമത്-രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്‍ ആലപ്പുഴയില്‍ ആരംഭിച്ച സ്‌നേഹിത-ജന്‍ഡര്‍ ഹെല്‍പ് ഡസ്‌കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകളെ സംരക്ഷിക്കേണ്ടത് പുരുഷന്‍മാരാണെന്ന ധാരണ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷിതരാവാന്‍ ശ്രദ്ധിക്കേണ്ടത് സ്ത്രീകള്‍ തന്നെയാണ്. സ്വയം രക്ഷാ ബോധം എല്ലാ സ്ത്രീകള്‍ക്കും ഉണ്ടായിരിക്കണം. സുരക്ഷ ഉറപ്പാക്കുന്നതിന് സ്ത്രീകള്‍ ആഗ്രഹിക്കുന്ന സംവിധാനങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലജ്‌നത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളത്തില്‍ ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. സ്‌നേഹിതയുടെ പ്രവര്‍ത്തനം സംബന്ധിച്ച ലഘു ലേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ നിര്‍വഹിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ സഹായത്തോടെ സ്ത്രീകള്‍ക്കായി ആരംഭിക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതി-തേജസ്വിനി  മുന്‍ എംപി സിഎസ് സുജാത ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷോളി സിദ്ധകുമാര്‍, കൗണ്‍സിലര്‍ എഎം നൗഫല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ സുജ ഈപ്പന്‍, അസി.കോ-ഓഡിനേറ്റര്‍മാരായ പി സുനില്‍, എന്‍ വേണുഗോപാല്‍, വിജെ വര്‍ഗീസ്, കെബി അജയകുമാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top