രാഷ്ട്രീയമാറ്റത്തിന്റെ സൂചനകള്‍

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
ഒരേസമയം വിസ്മയിപ്പിക്കുകയും സംഭ്രമിപ്പിക്കുകയും ചെയ്യുന്ന ദേശീയ രാഷ്ട്രീയ കാഴ്ചകള്‍ തുടരുകയാണ്. നാലു വര്‍ഷം എന്‍ഡിഎ മുന്നണിയില്‍ നിന്ന ടിഡിപി പുറത്തുചാടുകയും മോദി ഗവണ്‍മെന്റിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തതാണ് ഒരു സംഭവം.
യോഗി ആദിത്യനാഥ് 28 വര്‍ഷം കൈവശംവച്ച ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലം അഖിലേഷ് യാദവിന്റെ എസ്പിയും ബദ്ധശത്രുവായിരുന്ന മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും ചേര്‍ന്നു പിടിച്ചെടുത്തു; ഒപ്പം ഉപമുഖ്യമന്ത്രി മൗര്യ രാജിവച്ച ഫുല്‍പൂര്‍ മണ്ഡലവും. ലാലുപ്രസാദ് യാദവിനെ ജയിലിലടച്ചിട്ടും ബിഹാറിലെ അരാറിയ ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തിന് ജയിച്ചു.
തെലുഗുദേശം പാര്‍ട്ടി 16 എംപിമാരെയുമായി എന്‍ഡിഎയില്‍ നിന്നു പുറത്തുകടന്നതോടെ ഭരണപക്ഷത്തെ അംഗബലം ലോക്‌സഭയില്‍ 314 ആയി ചുരുങ്ങി. ഇതില്‍ 18 അംഗങ്ങളുള്ള ശിവസേന മുന്നണി വിട്ടിട്ടില്ലെങ്കിലും പ്രതിപക്ഷ പാര്‍ട്ടിയെപ്പോലെ മോദി ഗവണ്‍മെന്റിന്റെ നയങ്ങളെ എതിര്‍ക്കുന്നു. ആറ് അംഗങ്ങളുള്ള പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും 4 എംപിമാരുള്ള അകാലിദളും 3 അംഗങ്ങളുള്ള ആര്‍എല്‍എസ്പിയും കഴിഞ്ഞാല്‍ ബിജെപി മുന്നണിയില്‍ രണ്ട് അംഗങ്ങള്‍ വീതമുള്ള ജനതാദളും(യു) അപ്‌നാ ദളും ഒരു സീറ്റ് മാത്രമുള്ള നാലു പൊടി പാര്‍ട്ടികളുമാണുള്ളത്. ബിജെപിക്ക് യുപിയിലെ രണ്ടു സീറ്റുകള്‍ നഷ്ടപ്പെട്ടതോടെ സ്പീക്കറടക്കം സഭയില്‍ 273 സീറ്റേയുള്ളൂ. ഒറ്റയ്ക്കു കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം കൂടുതല്‍.
ജനങ്ങളും മോദി ഗവണ്‍മെന്റിന്റെ നയങ്ങളും തമ്മിലുള്ള വൈരുധ്യം മൂര്‍ച്ഛിക്കുകയും ഏറ്റുമുട്ടലായി മാറുകയും ചെയ്യുന്നതിന്റെ കാഴ്ചകളാണ് ഇതൊക്കെ. ജനരോഷത്തിന്റെ അവസ്ഥ ഊര്‍ജമാക്കി ബിജെപിയെ എതിര്‍ക്കാനുള്ള കൂട്ടായ നീക്കങ്ങള്‍ പ്രതിപക്ഷത്ത് പല രൂപത്തില്‍ പ്രകടമാവുകയാണ്. അതേസമയം, മോദി ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് അമിതാധികാര നീക്കങ്ങള്‍ ശക്തിപ്പെടുകയുമാണ്.
അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയാല്‍ മറ്റെല്ലാ കാര്യപരിപാടിയും നിര്‍ത്തിവച്ച് സ്പീക്കര്‍ അവിശ്വാസപ്രമേയം പരിഗണിക്കണമെന്നാണ് ചട്ടവും കീഴ്‌വഴക്കവും. എന്നാല്‍, വെള്ളിയാഴ്ച സ്പീക്കര്‍ നോട്ടീസ് കണ്ടതായി ഭാവിച്ചില്ല. സഭയില്‍ ബഹളം നടക്കുന്നതിനാല്‍ അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്.
ജനങ്ങളെയാകെ ആക്രമിച്ച ഭീകര രാഷ്ട്രീയനീക്കങ്ങളായിരുന്നു നോട്ട് റദ്ദാക്കലും ജിഎസ്ടിയും. ജനങ്ങള്‍ അതൊക്കെ നിശ്ശബ്ദം സഹിച്ചെന്ന് അഭിമാനംകൊള്ളുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങള്‍ ഉണര്‍ന്നെഴുന്നേറ്റെന്നും തിരഞ്ഞെടുപ്പ് വരുംവരെ കാക്കാതെ ഗവണ്‍മെന്റ് നയങ്ങളുമായി മൈതാനത്തിറങ്ങി നേരില്‍ ഏറ്റുമുട്ടാന്‍ തുടങ്ങിയെന്നും വ്യക്തമായി.
മുംബൈയിലെ കൃഷിക്കാരുടെ ലോങ് മാര്‍ച്ചാണ് ഇപ്പോള്‍ രൂപംകൊള്ളുന്ന ജനസംഘര്‍ഷത്തിന് രാസത്വരകമായത്. മഹാരാഷ്ട്രയില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ 80,000ലേറെ കൃഷിക്കാര്‍ സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളുടെ ഇരകളെന്ന നിലയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് ഈ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് അവിടെ ആരംഭിച്ച കര്‍ഷക സമരം വേരുപിടിച്ചില്ല. പ്രമുഖ കര്‍ഷക സംഘടനകളൊക്കെ അതില്‍ നിന്നു പിന്മാറി. മരിക്കുകയാണെങ്കില്‍ പൊരുതി മരിക്കാം എന്ന നിലയില്‍ സിപിഎമ്മുമായി ബന്ധപ്പെട്ട അഖിലേന്ത്യാ കിസാന്‍ സഭയാണ് ആ സമരം വീണ്ടും ഊതിക്കത്തിച്ച് മുന്നോട്ടുകൊണ്ടുവന്നത്.
മുംബൈ മഹാനഗരത്തിലേക്കു കടക്കാനെത്തിയ കര്‍ഷക മാര്‍ച്ചിനു മുമ്പിലെത്തി അഭിവാദ്യം ചെയ്തതും പിന്തുണ പ്രഖ്യാപിച്ചതും ശിവസേനാ മന്ത്രിമാരായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ നിയമസഭാ മന്ദിരം ഉപരോധിക്കുമെന്ന പ്രഖ്യാപനം കര്‍ഷക സമരനേതാക്കളുമായി നേരിട്ടു ചര്‍ച്ച നടത്താന്‍ ബിജെപി മുഖ്യമന്ത്രിയെ നിര്‍ബന്ധിതനാക്കി.
കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ഉണര്‍ന്നെണീക്കുകയും സംഘടിച്ചു മുന്നേറുകയും തൊഴിലാളികളുടെ കൂടി പിന്തുണ ഉറപ്പാക്കുകയും ചെയ്താല്‍ ഒരു ശക്തിക്കും അവരെ തടയാനാവില്ലെന്നതിന്റെ സാക്ഷ്യപത്രമാണ് മഹാരാഷ്ട്രയിലെ കര്‍ഷകസമരം. രാജസ്ഥാനിലും മറ്റിടങ്ങളിലും കഴിഞ്ഞവര്‍ഷം നടന്ന കര്‍ഷക സമരങ്ങളുടെ തുടര്‍ച്ചയാണിത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെയും അവരുടെ വര്‍ഗബഹുജന സംഘടനകളുടെയും അനുഷ്ഠാന സമരങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തം. പാടശേഖരങ്ങളിലെ കര്‍ഷക കുടുംബങ്ങളാകെ ഒന്നിച്ച് സമരജ്വാലയായി മാറിയാലുള്ള സ്ഥിതി. വിവിധ മതക്കാരും ജാതിക്കാരും രാഷ്ട്രീയക്കാരും കൃഷിക്കാരെന്ന പൊതുപ്രവാഹത്തിന്റെ ഭാഗമായിത്തീരുമ്പോഴുള്ള സംഘശക്തിയുടെ വിശുദ്ധി. ഇപ്പോള്‍ യുപി അത്തരമൊരു സമരമുഖത്താണ്. ബിഹാറും ആന്ധ്രയും കര്‍ണാടകയും നാളെ കേരളവും ഈ വഴിയിലേക്ക് നീങ്ങേണ്ടിവരും.
ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെ ഇടതുപക്ഷം അടക്കമുള്ള ബിജെപി ഇതര കക്ഷികള്‍ വിപണിമേധാവിത്വത്തിന് കീഴ്‌പ്പെടുന്ന നയങ്ങളുമായാണ് മുന്നോട്ടുപോയത്. ജിഎസ്ടിക്കും നോട്ട് നിരോധനത്തിനുമൊപ്പം നിഴലായി നിന്ന ത്രിപുരയിലെ ഇടതുമുന്നണി ഗവണ്‍മെന്റിനെ തൊഴിലില്ലായ്മയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും കാരണക്കാരായി ജനങ്ങള്‍ ശിക്ഷിച്ചു. ഈ വൈരുധ്യം തന്നെയാണ് കേരളത്തിലെ ഇടതു ജനാധിപത്യ ഗവണ്‍മെന്റിനു കീഴില്‍ ജനങ്ങള്‍ അനുഭവിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ വയല്‍ നികത്തുന്നതിനെതിരേ നടത്തിയ സമരത്തെ സര്‍ക്കാര്‍ നേരിട്ടതും സിപിഎം തന്നെ സമരക്കാര്‍ക്കെതിരേ രംഗത്തിറങ്ങിയതും വിപണിരാഷ്ട്രീയത്തിന്റെ മേധാവിത്വമാണ് പ്രകടമാക്കുന്നത്.
എണ്ണത്തില്‍ ചുരുങ്ങിയെങ്കിലും ദേശീയപാര്‍ട്ടിയെന്ന നിലയില്‍ സ്വാധീനമുള്ള ഏക പാര്‍ട്ടി ഇപ്പോഴും കോണ്‍ഗ്രസാണ്. അവര്‍ തുടങ്ങിവച്ച ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ കൂടുതല്‍ വിശ്വസ്തതയോടെ ഏറ്റെടുത്തു നടപ്പാക്കുന്ന ബിജെപി ഭരണത്തിന്റെ ദുരിതവും അവര്‍ സൃഷ്ടിക്കുന്ന വര്‍ഗീയതയുടെ ആപത്തുമാണ് ജനങ്ങള്‍ അനുഭവിക്കുന്നത്.
യുപിഎ ഭരണത്തിലുണ്ടായ അഴിമതി ആരോപണങ്ങള്‍ കോണ്‍ഗ്രസ്സിന്റെ വിശ്വാസ്യത തകര്‍ത്തിട്ടുണ്ട്. കുടുംബവാഴ്ചയും ആ പാര്‍ട്ടിയുടെ ദൗര്‍ബല്യമാണ്. എങ്കിലും കോണ്‍ഗ്രസ്സിന് പകരം നില്‍ക്കാന്‍ ഇടതുപാര്‍ട്ടികളോ പ്രാദേശിക പാര്‍ട്ടികളോ പ്രാപ്തവുമല്ല. ഈ പശ്ചാത്തലത്തില്‍ സാമ്പത്തികനയങ്ങളുടെ കാര്യത്തില്‍ തിരുത്തലിന് കോണ്‍ഗ്രസ് തയ്യാറുണ്ടോ? ജനങ്ങള്‍ നിരാകരിക്കുന്നതിന് ഇടയാക്കിയ ചെയ്തികളില്‍ ഖേദിക്കാനും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താനും കോണ്‍ഗ്രസ് ഒരുക്കമുണ്ടോ? ദേശീയ രാഷ്ട്രീയത്തെ ഈ ഘട്ടത്തില്‍ സ്വാധീനിക്കുന്ന നിര്‍ണായക ഘടകമായിരിക്കും അത്.
ദേശീയതലത്തില്‍ നിര്‍ണായകമായ വഴിത്തിരിവ് സൃഷ്ടിക്കുന്നതിന് മുന്‍കൈയെടുക്കാന്‍ സ്വാധീനവും സാധ്യതയുമില്ലാത്ത അവസ്ഥയിലാണ് ഇടതുപക്ഷവും സിപിഎമ്മും. നേതൃത്വം തന്നെ രാഷ്ട്രീയനയത്തിന്റെ കാര്യത്തില്‍ രണ്ടു തട്ടിലാണ്. കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷവും കോണ്‍ഗ്രസ്സിനെ ബിജെപിയെ പോലെ വന്‍കിട ബൂര്‍ഷ്വാസിയുടെ പ്രതിനിധിയായി കാണുന്നു; നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ പ്രവാചകരായും. അവരുമായി തിരഞ്ഞെടുപ്പു ധാരണയോ സഹകരണമോ ഉണ്ടാക്കില്ലെന്ന് സിപിഎം പ്രഖ്യാപിക്കുന്നു. അതേസമയം, പ്രാദേശിക പാര്‍ട്ടികള്‍ക്ക് ദേശീയതലത്തില്‍ തിരഞ്ഞെടുപ്പു മുന്നണിയുണ്ടാക്കാന്‍ സാധ്യമല്ലെന്നും വിലയിരുത്തുന്നു.
കോണ്‍ഗ്രസ്സിനെ ഒഴിവാക്കിയും മറ്റ് മതനിരപേക്ഷ പാര്‍ട്ടികളെ ചേര്‍ത്തും ബിജെപിയെ നേരിടണമെന്നാണ് സിപിഎം കരട് രാഷ്ട്രീയപ്രമേയം ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ്സിനെയും പ്രാദേശിക പാര്‍ട്ടികളെയും മാറ്റിനിര്‍ത്തിയാല്‍ ശേഷിക്കുന്ന, ബിജെപിയെ നേരിടാന്‍ പ്രാപ്തിയുള്ള മതനിരപേക്ഷ പാര്‍ട്ടികള്‍ ആരെന്നത് പ്രമേയത്തിന്റെ മുഖ്യശില്‍പിയായ പ്രകാശ് കാരാട്ടിനു മാത്രമേ പറയാനാവൂ.
ബിജെപിക്ക് അനുകൂലമായി ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിപ്പ് വഴിമുട്ടിനിന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ തന്നെ തിരഞ്ഞെടുപ്പു വിധിയിലൂടെ പുതിയ വഴി തുറക്കാന്‍ ശക്തമായി ആവശ്യപ്പെടുന്നത്. സീതാറാം യെച്ചൂരി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി ടെലിഫോണില്‍ ബന്ധപ്പെട്ടതായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചതായും പറയുന്നുണ്ട്. 19 പ്രതിപക്ഷ പാര്‍ട്ടികളുമായി അത്താഴവിരുന്ന് നടത്തിയ സോണിയയുടെ ദൗത്യം ഇനി ഏതു വഴിക്കെന്ന് കാണേണ്ടതുണ്ട്. ഇന്ത്യന്‍ ജനതയുടെ ജീവിതാവസ്ഥയ്ക്ക് അടിയന്തരമാറ്റം വരുത്താന്‍ ഉതകുന്ന പരിപാടികളുടെ അടിസ്ഥാനത്തില്‍ ബിജെപിയെ നേരിടാന്‍ പുതിയൊരു പ്രതിപക്ഷ ഐക്യം രൂപപ്പെടുമോ എന്നതാണ് പ്രധാനം.               ി

RELATED STORIES

Share it
Top