രാഷ്ട്രീയപ്പാര്‍ട്ടികളുടെ വഞ്ചനയില്‍ ഇരകളില്‍ അമര്‍ഷം പുകയുന്നു

പൊന്നാനി: മലപ്പുറം ജില്ലയില്‍ കനത്ത പോലിസ് വ്യൂഹത്തെ അണിനിരത്തി മാര്‍ച്ച് 19ന് ഇരകളുടെ പ്രതിഷേധത്തെ തല്ലിയൊതുക്കി കുറ്റിപ്പുറത്ത് ആരംഭിച്ച 45 മീറ്റര്‍ ചുങ്കപ്പാതയ്ക്കു വേണ്ടിയുള്ള സ്ഥലമെടുപ്പ് സര്‍വേ ഇന്നലെ തിരൂര്‍ താലൂക്കിലെ പ്രദേശങ്ങള്‍ പുര്‍ത്തിയാക്കി ദ്രുതഗതിയില്‍ തിരൂരങ്ങാടി താലൂക്കില്‍ പ്രവേശിച്ചു.
ഇതിനോടകം തന്നെ നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും പൊളിച്ചുമാറ്റപ്പെടേണ്ട സ്ഥിതിയാണുള്ളത്. തങ്ങളുടെ ജീവിതകാല സമ്പാദ്യമായ കിടപ്പാടവും കടകളും തൊഴില്‍ സ്ഥാപനങ്ങളും നഷ്ടപ്പെടുമ്പോള്‍ ആരും സഹായിക്കാനില്ലാത്തതിന്റെ കനത്ത വേദന കടിച്ചമര്‍ത്തുകയാണ് ജില്ലയിലെ ദേശീയപാത ഇരകള്‍. കോഴിച്ചെന, വെന്നിയൂര്‍, കക്കാട് പ്രദേശങ്ങളില്‍ ആരാധനാലയങ്ങളോട് ബന്ധപ്പെട്ട ഖബര്‍സ്ഥാനുകളുടെ മുകളില്‍ കയറി കല്ല് നാട്ടിയത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. പൂക്കിപ്പറമ്പില്‍ ഒരു പുരയിടത്തില്‍ സ്ഥിതി ചെയ്യുന്ന ഖബറിനു മുകളില്‍ അളന്ന് കല്ലിട്ടത് തീരാത്ത വേദനയാണ്.
ഇത്രയും പ്രധാനപ്പെട്ട വിഷയത്തില്‍ ജില്ലയിലെ പ്രമുഖ രാഷ്ട്രിയപ്പാര്‍ട്ടികളായ മുസ്്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട് ഇരകളില്‍ കടുത്ത അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. പലരും അത് പരസ്യമായിത്തന്നെ ചോദ്യം ചെയ്യുന്ന സ്ഥിതിയായിട്ടുണ്ട്. ലീഗിന്റെ പ്രമുഖ നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ വ്യക്തി ഇരകളെ സഹായിക്കാന്‍ ബിജെപി മുന്നോട്ടുവന്നാല്‍ താന്‍ ബിജെപിയില്‍ ചേരാന്‍ മടിക്കില്ലെന്ന് വ്യക്തമാക്കിയതില്‍ നിന്നും, ഇരകളില്‍ ബഹുഭൂരിപക്ഷവും അംഗങ്ങളായിട്ടുള്ള മുസ്്‌ലിംലീഗിന്റെ നിലപാടില്‍ ഇരകള്‍കളുടെ പ്രതിഷേധം വ്യക്തമാണ്. 2010 ആഗസ്ത് 17ന് 45 മീറ്റര്‍ ചുങ്കപ്പാത പദ്ധതിക്ക് അനുമതി നല്‍കിയ സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസില്‍നിന്ന് രമേശ് ചെന്നിത്തല, സിപിഎമ്മില്‍നിന്ന് പിണറായി വിജയന്‍ എന്നിവരോടൊപ്പം പി കെ കുഞ്ഞാലിക്കുട്ടിയും 45 മീറ്റര്‍ ചുങ്കപ്പാതയെ അനുകൂലിച്ചത് വിശദീകരിക്കാന്‍ മുസ്്‌ലിംലീഗ് പെടാപാടു പെടുകയാണ്.
നാമമാത്രമാണെങ്കിലും കോണ്‍ഗ്രസുകാരായ ഇരകളും പാര്‍ട്ടിയുടെ നിലപാടില്‍ പ്രതിഷേധത്തിലാണ്. ഇരകളെ സാന്ത്വനിപ്പിക്കാനുള്ള ഈ പാര്‍ട്ടികളുടെ ശ്രമങ്ങളൊന്നും ഫലം കാണുന്നില്ല. പോലിസിനെയും പട്ടാളത്തെയുമിറക്കി ജനങ്ങളെ ഭീഷണിപ്പെടുത്തിയും പ്രതിഷേധക്കാരെ ആട്ടിയോടിച്ചും ചുങ്കപ്പാതയ്ക്ക് കല്ലിട്ട് അതിരു നിര്‍ണയിക്കുന്ന സര്‍ക്കാര്‍ നടപടി തികഞ്ഞ ഫാഷിസമാണെന്ന് എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ കുറ്റപ്പെടുത്തി. എത്ര പണം നഷ്ടപരിഹാരമായി അനുവദിക്കാനും കേന്ദ്രം തയ്യാറാണെന്നായിരുന്നു മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും പറഞ്ഞിരുന്നത്.
എന്നാല്‍, കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പൊതുമരാമത്ത് മന്ത്രി നിതിന്‍ ഗഡ്കരിയുമായി നഷ്ടപരിഹാരം സംബന്ധിച്ച് നടത്തിയ ചര്‍ച്ച കള്ളി വെളിച്ചത്താക്കിയിരിക്കുകയാണ്. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ നഷ്ട പരിഹാരം കൊടുക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 7 കോടി രൂപ മാത്രമാണ്. ഒരു കിലോമീറ്ററില്‍ 5 ഏക്കര്‍ ഭൂമിയാണ് ശരാശരി ഏറ്റെടുക്കേണ്ടി വരിക. അപ്പോള്‍ 7 കോടി ഉപയോഗിച്ച് ഒരു സെന്റിന് നല്‍കാവുന്ന നഷ്ട പരിഹാരം ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ മാത്രം. ഭൂമിയിലുള്ള കെട്ടിടങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. അപ്പോള്‍ ഭൂമിക്ക് സെന്റ് ഒന്നിന് ഒരു ലക്ഷം പോലും കൊടുക്കാനാവില്ലെന്ന് വ്യക്തമാണ്. ആപത്ഘട്ടത്തില്‍ തുണയ്‌ക്കെത്തുമെന്ന് പ്രതീക്ഷിച്ചവരൊക്കെ ചുങ്കപ്പാതയുടെ നടത്തിപ്പുകാരായി മാറിയത് കണ്ട് മനം മടുത്ത അവസ്ഥയിലാണ് ഇരകള്‍. എന്നാലും ചെറു പാര്‍ട്ടികളെ കൂട്ടുപിടിച്ച് അവസാനം വരെ സമരരംഗത്ത് ഉറച്ചുനില്‍ക്കാനുള്ള തീരുമാനത്തിലാണ് ഇവര്‍.
അതേസമയം, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തലത്തില്‍ നടത്തുന്ന ഭൂവുടമകളുടെ യോഗം ഇന്ന് വൈകീട്ട് മൂന്നിന് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും. പഞ്ചായത്തിലെ എ3 വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ഭൂവുടമകള്‍ നികുതി രശീതി സഹിതം യോഗത്തിന് ഹാജരാവണം.

RELATED STORIES

Share it
Top