രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം: ആക്്ഷന്‍ കൗണ്‍സില്‍

മലപ്പുറം: കനത്ത പോലിസ് കാവലില്‍ പ്രദേശത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, ജില്ലയില്‍ തുടരുന്ന 45 മീറ്റര്‍ ചുങ്കപ്പാതയ്ക്കുവേണ്ടിയുള്ള സര്‍വേയുടെ കാര്യത്തില്‍ ജില്ലയിലെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന്, എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
2013 ലെ ഭൂമിയേറ്റെടുപ്പ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ബാധിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസവും വിപണി വിലയും നല്‍കുമെന്ന് ഇരകളെ തെറ്റിദ്ധരിപ്പിച്ച് ഭൂമിയും കിടപ്പാടവും അളന്നെടുക്കുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. എന്നാല്‍, തുച്ഛമായ നഷ്ടപരിഹാരം മാത്രം ഉറപ്പുനല്‍കുന്ന 1956ലെ ദേശീയപാത സ്ഥലമെടുപ്പ് നിയമ പ്രകാരം മാത്രമേ നഷ്ടപരിഹാരം നല്‍കാനാവൂവെന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. ഇത് ഇരകളോടുള്ള വഞ്ചനയാണ്. ഇതിനെതിരേ പ്രതികരിക്കേണ്ട രാഷ്ട്രീയപ്പാര്‍ട്ടികള്‍ കപട മൗനം തുടരുന്നത് ബിഒടി ടോള്‍ മാഫിയയുടെ സ്വാധീനത്തില്‍ മയങ്ങിയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഇരകളോടൊപ്പമാണെന്ന് പറഞ്ഞ് മുസ്്‌ലിംലീഗ് പാവപ്പെട്ട ഇരകളെ വഞ്ചിക്കുവാനാണ് ശ്രമിക്കുന്നത്.
പരാതി ബോധിപ്പിക്കാനുള്ള സാവകാശം പോലും നല്‍കാതെ യുദ്ധ പ്രതീതി സൃഷ്ടിച്ച് നടത്തപ്പെടുന്ന സര്‍വേ നിര്‍ത്തിവയ്പ്പിക്കാന്‍ പോലും ശ്രമിക്കാതെ മുസ്്‌ലിംലീഗ് ഉരുണ്ടുകളിക്കുകയാണ്.
ഇരകളോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന നയമാണ് ലീഗിന്റേതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, എന്‍എച്ച് സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി കെ പ്രദീപ് മേനോന്‍ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top