രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ബോണ്ട്‌

ന്യൂഡല്‍ഹി: രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ സുതാര്യമാക്കുന്നതിനായി പുതിയ ഇലക്ടറല്‍ ബോണ്ടുകള്‍ കേന്ദ്രം പ്രഖ്യാപിച്ചു. ഇതുപ്രകാരം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു പണം സംഭാവന നല്‍കേണ്ടവര്‍ എസ്ബിഐയുടെ പ്രത്യേക ശാഖകളില്‍ നിന്ന് വിവിധ മൂല്യങ്ങളിലുള്ള ബോണ്ടുകള്‍ വാങ്ങിയാല്‍ മതിയാവും. ഏതു പാര്‍ട്ടിക്കാണ് സംഭാവന ചെയ്യുന്നതെന്ന് ബോണ്ടില്‍ വ്യക്തമാക്കേണ്ടതില്ല. എന്നാല്‍, ഉപഭോക്താവിനെ അറിയല്‍ രേഖ(കെവൈസി)യ്ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കിയിരിക്കണം. 1,000, 10,000, ലക്ഷം, പത്തുലക്ഷം, ഒരു കോടി രൂപ വരെയുള്ള ബോണ്ടുകള്‍ ആവശ്യാനുസരണം ലഭ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ വ്യക്തമാക്കി.
15 ദിവസമായിരിക്കും ഇലക്ടറല്‍ ബോണ്ടുകളുടെ കാലാവധി. അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കാന്‍ മാത്രമേ ഇവ ഉപയോഗിക്കാനാവൂ. സ്വീകര്‍ത്താവിന്റെ അംഗീകൃത ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ ഇവ നിക്ഷേപിക്കാനാവൂ.
ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ പത്തു ദിവസമായിരിക്കും ഇത്തരം ബോണ്ടുകള്‍ എസ്ബിഐയുടെ തിരഞ്ഞെടുത്ത ശാഖകളില്‍ ലഭ്യമാക്കുക. പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷങ്ങളില്‍ ബോണ്ടുകള്‍ വാങ്ങുന്ന ദിവസങ്ങളുടെ എണ്ണം 30 ആയിരിക്കും.
ഇന്ത്യയിലെ ഏതൊരു പൗരനും നിയമപരമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കും സംഘടനയ്ക്കും ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാവുന്നതാണെന്നും കേന്ദ്രമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. അതേസമയം, ഇലക്ടറല്‍ ബോണ്ടുകള്‍ പലിശരഹിത കടപ്പത്രങ്ങളായിരിക്കും.

RELATED STORIES

Share it
Top