രാഷ്ട്രീയനേതാവിന്റെ മകന്‍ അപമാനിച്ചെന്ന് ജോസ് കെ മാണിയുടെ ഭാര്യ

കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ അപമാനിച്ചുവെന്ന് ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസിന്റെ വെളിപ്പെടുത്ത ല്‍. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’എന്ന പുസ്തകത്തിലാണ് ഇതുള്‍പ്പെടെയുള്ള വിവാദവെളിപ്പെടുത്തലുകളുള്ളത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിച്ചത്. യാത്രയിലേറ്റ അപമാനം വിവരിച്ച് മീ ടൂ പ്രചാരണത്തില്‍ താനും പങ്കുചേരുന്നുവെന്ന് പുസ്തകത്തിലൂടെ നിഷ പറയുന്നു. അതേസമയം, തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് വിവാദത്തിനില്ലെന്നും അപമാനിച്ചയാളുടെ പേരു പറയില്ലെന്നുമായിരുന്നു നിഷ ജോസിന്റെ പ്രതികരണം. തനിക്കുണ്ടായ അനുഭവം അടഞ്ഞ അധ്യായമാണ്.ഇതുസംബന്ധിച്ച് നിയമനടപടി സ്വീകരിക്കാനോ വിവാദം സൃഷ്ടിക്കാനോ ആഗ്രഹിക്കുന്നില്ല. മറിച്ച് ഇക്കാര്യങ്ങള്‍ പൊതുസമൂഹം മനസ്സിലാക്കാനാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതെന്നും നിഷ കൂട്ടിച്ചേര്‍ത്തു. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ മെലിഞ്ഞ പ്രകൃതമുള്ള യുവാവ് അച്ഛന്റെ പേര് പറഞ്ഞാണ് പരിചയപ്പെട്ട് സംസാരം ആരംഭിച്ചതെന്ന് നിഷ പുസ്തകത്തില്‍ പറയുന്നു.
രാത്രിയിലായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്തെ ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നാണ് പറഞ്ഞത്. സംസാരത്തിനിടെ അയാള്‍ അനാവശ്യമായി കാല്‍പ്പാദത്തില്‍ സ്പര്‍ശിച്ചു. ശല്യം സഹിക്കാനാവാതെ എഴുന്നേറ്റുപോവാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. സഹികെട്ടപ്പോള്‍ ടിടിഇയോട് പരാതിപ്പെട്ടു. എന്നാല്‍, നിങ്ങള്‍ ഒരേ രാഷ്ട്രീയമുന്നണിയിലുള്ളവരായതിനാല്‍ ഇതൊടുവില്‍ തന്റെ തലയില്‍ വീഴുമെന്ന് പറഞ്ഞ് ടിടിഇ കൈമലര്‍ത്തിയെന്ന് നിഷ വിശദീകരിക്കുന്നു. ശല്യം അസഹ്യമായപ്പോള്‍ ഒച്ചയിട്ടതോടെയാണ് ഇയാള്‍ എഴുന്നേറ്റുപോയതെന്നും വീട്ടിലെത്തി ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞെന്നും നിഷ പറയുന്നു. സോളാര്‍ വിഷയത്തില്‍ ജോസ് കെ മാണിയുടെ പേര് വലിച്ചിഴച്ചത് ശത്രുവായ അയല്‍ക്കാരനാണ്. ജോസ് കെ മാണിയെയും അച്ഛ—നെയും (കെ എം മാണി) തകര്‍ക്കാനും പാര്‍ട്ടി ഇല്ലാതാക്കാനും ഇയാള്‍ ശ്രമിക്കുകയാണ്. കോട്ടയത്തെ ഒരു യുവ കോണ്‍ഗ്രസ് നേതാവിനെതിരെയും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തുന്ന ഹീറോയെ തനിക്കറിയാമെന്നും സ്വന്തം നേതാവിനെതിരേ സംസാരിച്ചതിന്റെ ഓഡിയോ പുറത്തുവന്നിട്ടുണ്ടെന്നും പുസ്തകം പറയുന്നു. ബാര്‍ കോഴ വിവാദവും പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍ വലിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇതോടെ 224 പേജുള്ള പുസ്തകത്തില്‍ ആരുടെയും പേരു വെളിപ്പെടുത്തുന്നില്ലെങ്കിലും ഓരോ വ്യക്തികളെയും കുറിച്ചുള്ള സൂചനകള്‍ വ്യക്തമാണ്.

RELATED STORIES

Share it
Top